പ്രളയബാധിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

കൊച്ചി: പ്രളയബാധിതരായ അര്‍ഹതപ്പെട്ടവര്‍ക്കു ധനസഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രളയത്തില്‍പ്പെട്ട എത്ര പേര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയെന്നു വ്യക്തമാക്കണമെന്നും സംസ്ഥാന ജനകീയ പ്രതിരോധ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച തുച്ഛമായ ധനസഹായ തുകയായ 10000 രൂപ പോലും അര്‍ഹതപ്പെട്ട ഭൂരിഭാഗം പ്രളയബാധിതര്‍ക്കും ഇനിയും ലഭിച്ചിട്ടില്ല. എത്രയും വേഗം ഇത് എത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ സമിതി മുന്നോട്ടുവയ്ക്കുന്ന ഇത്തരം വിവിധ ആവശ്യങ്ങളുമായി അദ്ദേഹത്തെ നേരില്‍ കാണുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരം നിര്‍ണയിക്കാനും അവ വിതരണം ചെയ്യാനും സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളില്‍ ഫാസ്റ്റ്ട്രാക്ക് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കണം. ദുരിതബാധിത മേഖലകളില്‍ സൗജന്യ റേഷന്‍, പ്രതിരോധ മരുന്ന് എന്നിവ ആറു മാസക്കാലത്തേക്കു വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളിലും മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ ശേഖരിച്ച് 10 ലക്ഷം രൂപ വീതം അടിയന്തരമായി വിതരണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, പ്രളയകാരണങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധരടങ്ങിയ ആധികാരിക സമിതിയെ നിയോഗിക്കുക, തുടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് വെള്ളം ചേര്‍ക്കാതെ നടപ്പാക്കുക, വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുക, തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുക, കുട്ടനാട് പാക്കേജ് സ്വാമിനാഥന്‍ റിപോര്‍ട്ടിലെ പ്രസക്ത നിര്‍ദേശങ്ങള്‍ നടപ്പാക്കുക, ദുരിതാശ്വാസ ഫണ്ട് സുതാര്യമായി കൈകാര്യം ചെയ്യുക എന്നീ ആവശ്യങ്ങളും സമിതി മുന്നോട്ടു വച്ചു. പ്രളയ മേഖലയിലെ ജനങ്ങള്‍ വലിയ ദുരിതത്തിലാണു കഴിയുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും സമിതി പ്രസിഡന്റ് പ്രഫ. കെ അരവിന്ദാക്ഷന്‍, ജനറല്‍ സെക്രട്ടറി എം ഷാജര്‍ഖാന്‍, വൈസ് പ്രസിഡന്റ് പ്രഫ. വിന്‍സെന്റ് മാളിയേക്കല്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it