പ്രളയത്തെ തോല്‍പിച്ച് നിളയോരം നിറയെ ദേശാടനക്കിളികള്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഓഖിക്കും പ്രളയത്തിനും ശേഷം ദേശാടനക്കിളികളുടെ വരവിന് മാറ്റങ്ങളുണ്ടാവുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ നിളയോരത്തും കോള്‍പ്പാടങ്ങളിലും ഇവ യഥേഷ്ടം വിരുന്നെത്തിത്തുടങ്ങി. ദേശാടനക്കാലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികളാണ് നിളാതടത്തിലെത്തുന്നത്. യൂറോപ്പിലെ മഞ്ഞുപ്രദേശങ്ങളില്‍നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കു പക്ഷികള്‍ ദേശാടനത്തിനെത്താറുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികള്‍ എത്തുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇടങ്ങളാണ് തൃശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍നിലങ്ങള്‍. പ്രളയാനന്തരം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതിനാല്‍ പക്ഷികളുടെ വരവിലും അതിന്റെ മാറ്റങ്ങളുണ്ടാവും. ഇത്തവണ പക്ഷിനിരീക്ഷകരും പക്ഷിശാസ്ത്രജ്ഞരും ഈ മാറ്റങ്ങള്‍ അറിയാനുള്ള കൗതുകത്തിലാണ്. ചളിയില്‍ ഇരതേടുന്ന കാടക്കൊക്കുകള്‍ ഉള്‍പ്പെടെയുള്ള വേഡേഴ്സ് വിഭാഗം, താറാവിനത്തില്‍പ്പെട്ട എരണ്ടകള്‍, പരുന്ത് വര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ദേശാടനപ്പക്ഷികളെ ഭാരതപ്പുഴയോരത്ത് കൂറ്റനാട് സ്വദേശി ഷിനോ ജേക്കബ് നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയത് സൈബീരിയന്‍ മാര്‍ഷ് സാന്‍ഡ്പൈപ്പര്‍ (ചതുപ്പന്‍) എന്ന പക്ഷിയാണെന്ന് ഷിനോ ജേക്കബ് പറയുന്നു.
കൂടാതെ വാലന്‍ എരണ്ട (നോര്‍തേണ്‍ പിന്‍ടെയില്‍), വരി എരണ്ട (ഗാര്‍ഗനി), പട്ടക്കണ്ണന്‍ എരണ്ട (കോമണ്‍ ടീല്‍), ചുണ്ടാന്‍ കാടകള്‍ (സ്നൈപ്പ്), പൊന്‍മണല്‍ക്കോഴി (പസഫിക് ഗോള്‍ഡന്‍ പ്ലോവര്‍), ചോരക്കാലി (റെഡ് ഷാങ്ക്), കരിതപ്പി (യൂറേഷ്യന്‍ മാര്‍ഷ്നാരിയര്‍), വെള്ളിക്കറുപ്പന്‍ പരുന്ത് (ബൂട്ടഡ് ഈഗിള്‍), പവിഴക്കാലി (ബ്ലാക്ക് വിങ് സ്റ്റില്‍ട്ട്) തുടങ്ങിയ വിദേശത്തുനിന്നുള്ളവയും നിളയോരത്ത് എത്തുന്നുണ്ട്. ഇതിനു പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള വര്‍ണകൊക്ക് (പെയിന്റഡ് സ്റ്റൂക്ക്), മുഴയന്‍ താറാവ് (കോമ്പ് കൊക്ക്), കരിന്തലയന്‍ മീന്‍കൊത്തി (ബ്ലാക്ക് കാപ്ഡ് കിങ്ഫിഷര്‍) എന്നീ പക്ഷികളുമുണ്ട്. ഇതില്‍ വര്‍ണകൊക്ക് വളരെയേറെ ഭംഗിയുള്ളതും വലുപ്പമുള്ളതുമാണ്. ഇത്തവണ കണ്ട സംഘത്തില്‍ ഒരു കുഞ്ഞുകൂടിയുണ്ടായിരുന്നതിനാല്‍ പ്രദേശത്ത് ഇവ പ്രജനനം നടത്തുന്നുണ്ടോയെന്ന അന്വേഷണത്തിലാണ് പക്ഷിനിരീക്ഷകര്‍.

Next Story

RELATED STORIES

Share it