പ്രളയക്കെടുതി: ചെലവ്ചുരുക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവു ചുരുക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അച്ചടക്കം പാലിക്കും. പുതിയ നിയമനങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ നടത്തൂ. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ തടയില്ലെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം, ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനു പണം തടസ്സമാവില്ല. നിലവിലെ സാഹചര്യത്തില്‍ 20,000 കോടിയെങ്കിലും വായ്പയായി ലഭിക്കണം. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൃഷി വകുപ്പിനു പ്രാധാന്യം നല്‍കണമെന്നും ഐസക് ആവശ്യപ്പെട്ടു. ആവശ്യമായ പദ്ധതികള്‍ മാത്രമാവും സര്‍ക്കാര്‍ ഇനി നടപ്പാക്കുക. കിഫ്ബിയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഐസക് പറഞ്ഞു. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ക്ക് ഇരയായ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും നികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. പ്രളയബാധ ഉണ്ടായ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു നോട്ടീസോ, നടപടികളോ എടുക്കരുതെന്നു സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ നഷ്ടപ്പെട്ട ചരക്കുശേഖരത്തിന് എടുത്ത ഇന്‍പുട്ട് ടാക്‌സ് തിരികെ അടപ്പിക്കുന്നതിനു വേണ്ടി ഒരു ജില്ലാ ഉദ്യോഗസ്ഥന്‍ ഇറക്കിയ നിര്‍ദേശം അനവസരത്തിലുള്ളതാണ്. ജിഎസ്ടി നിയമത്തിലെ സെക്ഷനുകള്‍ വ്യാഖ്യാനിച്ചാണ് ഈ നിര്‍ദേശം തയ്യാറാക്കിയത്. വിവേകരഹിതമായി പെരുമാറിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഇതിനകം തന്നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുമായുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിനും സംസ്ഥാന ജിഎസ്ടി ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ യോഗം 10നു രാവിലെ 10.30ന് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനില്‍ നടത്തും. പ്രളയക്കെടുതികള്‍ക്ക് ഇരയായ വ്യാപാരികളെ നികുതിവകുപ്പ് ദ്രോഹിക്കുന്നുവെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ആശങ്കള്‍ക്കും യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it