പ്രളയക്കെടുതി: കേരളത്തിന് 35 കോടി സഹായവുമായി ആന്ധ്രപ്രദേശ്

തിരുവനന്തപുരം: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള 35 കോടി രൂപ ധനസഹായവുമായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധിയായ ഉപ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നിമ്മക്കയാല ചിന്നരാജപ്പ എത്തി. 2014 മെട്രിക്ക് ടണ്‍ അരിയും അവശ്യ സാധനങ്ങളടങ്ങിയ കിറ്റും കേരളത്തിനു നല്‍കിയതായി മന്ത്രി ചിന്നരാജപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭക്ഷ്യധാന്യവും മരുന്നുമുള്‍പ്പെടെ 51.018 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. പുതിയ കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ആന്ധ്രസര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ദുരന്തനിവാരണ സംവിധാനങ്ങള്‍ ആന്ധ്രപ്രദേശിനുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കാനും വളരെ പെട്ടെന്ന് വീട് നിര്‍മിക്കാനാവുന്ന സാങ്കേതികവിദ്യ കൈമാറാനും തയ്യാറാണ്. ഇതുസംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിനു കേന്ദ്രം പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസ ധനസഹായം തീരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം പ്രഖ്യാപിച്ചത് വെറും 600 കോടിയുടെ സഹായം മാത്രമാണ്. ഈ തുക തീരെ കുറവാണെന്നും അദ്ദേഹം പറ ഞ്ഞു. ആന്ധ്രയിലെ 13 സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ സ്വീകരണ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. മൂന്നു ദിവസം കൊണ്ട് 115 ട്രക്കുകളിലാണ് സാധനം കേരളത്തിലേക്ക് അയച്ചത്. ഇതിനുപുറമെ റെയില്‍ മാര്‍ഗവും സാധനങ്ങള്‍ എത്തിച്ചു. കേരളത്തിന്റെ ആവശ്യമനുസരിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 35 കോടി രൂപയുടെ ചെക്ക് നിമ്മക്കയാല ചിന്നരാജപ്പ മന്ത്രി ഇ പി ജയരാജനു കൈമാറി.
അതേസമയം, പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്—കൂളുകളിലെ കുട്ടികളില്‍ നിന്നു ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ വൈകീട്ട് ആറു മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണ് തുക സംഭാവന ചെയ്തത്.

Next Story

RELATED STORIES

Share it