പ്രളയം: ആശ്രിതയ്ക്കും കുടുംബത്തിനും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ വീട്

പറവൂര്‍: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ആശ്രിതയ്ക്കും കുടുംബത്തിനും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ കൈത്താങ്ങ്. മമ്മൂട്ടിയുടെ ജന്മദിനമായ ഇന്നലെ രാവിലെ മമ്മൂട്ടിയോടൊപ്പമെത്തി തങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ മാതൃക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അരുണും സെക്രട്ടറി ഷാനവാസും ചേര്‍ന്ന് ആശ്രിതയുടെ കുടുംബത്തിനു കൈമാറി.
കയറിക്കിടക്കാന്‍ പെരുമ്പടന്ന പാലത്തിനു താഴെ പുറമ്പോക്കില്‍ വച്ചുകെട്ടിയ കുടിലിനു മുന്നില്‍ വച്ചാണ് 750 ചതുരശ്ര അടിവരുന്ന വീടിന്റെ മാതൃക ആശ്രിതയുടെ ഭര്‍തൃമാതാവ് ഗിരിജ ഏറ്റുവാങ്ങിയത്. നിര്‍മിച്ചുനല്‍കുന്ന വീടിന് ഏകദേശം ഏഴു ലക്ഷത്തില്‍പ്പരം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ, 12 ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായും ഭാരവാഹികള്‍ പറഞ്ഞു. ആശ്രിത മക്കളായ അനുനന്ദ, അഭിനന്ദ് എന്നിവര്‍ക്കൊപ്പം പുറമ്പോക്കില്‍ കൂര കെട്ടി താമസിക്കുമ്പോഴാണു പ്രളയം എല്ലാം തകര്‍ത്തത്. ആശ്രിതയുടെ കദനകഥയറിഞ്ഞ വൈറ്റില സ്വദേശി സുനില്‍ നാലു സെന്റ് സ്ഥലം നേരത്തേ മമ്മൂട്ടിയുടെ ജന്മദേശമായ വൈക്കം ചെമ്പില്‍ വാഗ്ദാനംം ചെയ്തിരുന്നു. അവിടെയാണ് പുതിയ വീട് നിര്‍മാണം.
പ്രളയദുരന്തത്തില്‍ നിന്നു കരകയറാന്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു പകരം കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നു മമ്മൂട്ടി പറഞ്ഞു. ഇത് തന്റെ ജന്മദിന സമ്മാനമല്ലെന്നും സഹായം മാത്രമാണെന്നും ഇനിയും ധാരാളം ചെയ്യാനുണ്ടെന്നം അദ്ദേഹം പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ മാത്രമേ നാട് മുന്നേറുകയുള്ളൂ, പ്രളയകാലത്തെ കൂട്ടായ പ്രവര്‍ത്തനം കാണുമ്പോള്‍ കേരളത്തില്‍ വളര്‍ച്ച ഇരട്ടി വേഗതയിലായിരിക്കുമെന്നു പ്രത്യാശിക്കുന്നു. ജനം അവരുടെ ശക്തി തിരിച്ചറിഞ്ഞ നാളുകളാണ് ദുരന്ത കാലഘട്ടമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, സ്ഥലം നല്‍കിയ സുനില്‍, വി ഡി സതീശന്‍ എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it