Flash News

പ്രഫ. സായിബാബയുടെ ജീവന്‍ അപകടത്തിലാണെന്ന് ആംനസ്റ്റി

മുംബൈ: നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ അണ്ഡാ സെല്ലില്‍ ചികില്‍സ നിഷേധിക്കപ്പെട്ട് 2017 മാര്‍ച്ച് ഏഴ് മുതല്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ വേണമെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍.
ഈമാസം രണ്ടിന് സായിബാബയെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍, ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടില്ല. ജയില്‍ അധികൃതര്‍ സായിബാബയ്ക്ക് കുടുംബത്തെ കാണാനുള്ള അവസരം നിഷേധിക്കുകയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കുന്നു.
നേരത്തെ ചികില്‍സാ സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ സായിബാബയുടെ ഭാര്യ വസന്തകുമാരി പരാതി നല്‍കിയിരുന്നു.
ശസ്ത്രക്രിയ അടക്കം ആവശ്യമുള്ള സായിബാബയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ ചികില്‍സ അനുവദിക്കണമെന്ന് ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സായിബാബയെ നാഗ്പൂര്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് ജയില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ജയിലധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
2015 മെയിലാണ് നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ബന്ധമാരോപിച്ച് സായിബാബയെ പോലിസ് അറസ്റ്റ് ചെയ്തത്. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ അവകാശങ്ങള്‍ക്കായുള്ള യുഎന്‍ കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ.  റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് എന്ന 2016ലെ നിയമവും സായിബാബയുടെ കേസില്‍ ബാധകമാണ്.
Next Story

RELATED STORIES

Share it