kannur local

പ്രധാനാധ്യാപകന്റെ എതിര്‍പ്പ് : കീഴല്ലൂര്‍ യുപി സ്‌കൂളില്‍ ഭാഷാധ്യാപക തസ്തികകള്‍ നിര്‍ത്തലാക്കി



ഇരിക്കൂര്‍: പ്രധാന അധ്യാപകന്റെ എതിര്‍പ്പുമൂലം കീഴല്ലൂര്‍ യുപി സ്‌കൂളില്‍ രണ്ടു ഭാഷാ അധ്യാപകരുടെ പോസ്റ്റുകള്‍ നിര്‍ത്തലാക്കിയ സംഭവം വിവാദമാകുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ത്ത് പുതിയ അധ്യാപക തസ്തികള്‍ സൃഷ്ടിക്കാന്‍ അധികൃതര്‍ ഉല്‍സാഹം കാണിക്കുമ്പോഴാണ് ഈ സ്‌കൂളില്‍ രണ്ടു സ്ഥിരാധ്യാപക പോസ്റ്റുകള്‍ ഇല്ലാതായത്. യുപി വിഭാഗത്തില്‍ സംസ്‌കൃതം, ഉറുദു ഭാഷകള്‍ ഒന്നാം ഭാഷയായി പഠിക്കാന്‍ രക്ഷിതാക്കള്‍ സത്യവാങ്മൂലം എഴുതി നല്‍കിയിട്ടും, ഇവിടെ 37 ഉം 32ഉം വര്‍ഷമായി തുടര്‍ന്നുവരുന്ന തസ്്തികകളാണ് ഈ അധ്യയന വര്‍ഷം മുതല്‍ വ്യക്തി വിരോധത്താല്‍ ഇല്ലാതാക്കിയതെന്നാണ് പരാതി. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം അധ്യയന വര്‍ഷത്തെ ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കണക്കനുസരിച്ചാണ് അധ്യാപക തസ്്തിക നിലനിര്‍ത്തുന്നതും ഇല്ലാതാക്കുന്നതും, പുതിയവ അംഗീകരിക്കുന്നതും. ഭാഷാഅധ്യാപക തസ്തികകള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന സത്യവാങ്മൂലം നിര്‍ബന്ധമാണ്. തന്റെ കുട്ടി ഒന്നാംഭാഷ ഏതാണ് എടുത്തു പഠിക്കേണ്ടതെന്നെഴുതിയ സത്യവാങ്മൂലം ഒപ്പിട്ട് സ്‌കൂളില്‍ സൂക്ഷിക്കണം. ഇത്തരത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തി എല്ലാവരും മലയാളം ഒന്നാം ഭാഷ പഠിക്കാനാണ് താല്‍പര്യമെന്ന് എഴുതിച്ചേര്‍ത്താണ് കീഴല്ലൂര്‍ യുപിയില്‍ സംസ്‌കൃതം, ഉറുദു തസ്തികകള്‍ പ്രധാനാധ്യാപകന്‍ ഇല്ലാതാക്കിയത്. ആറാം പ്രവൃത്തി ദിവസത്തെ റിപോര്‍ട്ട് എഇഒ മുഖേന വകുപ്പധികൃതര്‍ക്ക് അയക്കുകയും ചെയ്തു. ഒന്നാം ഭാഷ ഏതെടുത്താലും രാണ്ടാം ഭാഷ മലയാളം നിര്‍ബന്ധമാണ്. സംസ്‌കൃതം, ഉറുദു തുടങ്ങിയ ഭാഷകള്‍ ഏത് വിദ്യാര്‍ഥികള്‍ക്കും പഠിക്കാവുന്നതുമാണ്. നിലവില്‍ ഇരുപതിലധികം വര്‍ഷത്തെ സര്‍വീസുള്ള അധ്യാപകരാണ് ഇവിടെ സംസ്‌കൃതവും ഉറുദുവും പഠിപ്പിക്കുന്നത്.പ്രധാനാധ്യാപകന്റെ ഭാഷാ വിരോധമാണ് രണ്ട് തസ്്തികകളും ഇല്ലാതാക്കിയതിന്റെ പിന്നിലെന്ന് അധ്യാപകരും രക്ഷിതാക്കളും പരാതിപ്പെടുന്നു. ഇതോടെ കുട്ടികള്‍ക്കും ഈ രണ്ട് ഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. അധ്യാപകരും രക്ഷിതാക്കളും എഇഒ, ഡിഇഒ, ഡിപിഐ, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്്്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ രക്ഷിതാക്കളും അധ്യാപക സംഘടനകളും ചേര്‍ന്ന് സമരം നടത്താനാണ് തീരുമാനം.
Next Story

RELATED STORIES

Share it