Flash News

പ്രധാനമന്ത്രി സ്വയം പ്രകീര്‍ത്തിക്കുന്നു: രാഹുല്‍

ദാകര്‍: വികസന പരിപാടി ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തില്‍ സ്വയം പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നര്‍മദ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നാല്‍ നര്‍മദയില്‍ നിന്നു വെള്ളം ലഭിക്കുന്നില്ലെന്നാണ് ഇപോഴും ജനങ്ങള്‍ പറയുന്നത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ മറച്ചുവച്ചാണ് ബിജെപിയുടെ പ്രചാരണം. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ ഒന്നും സംസാരിക്കുന്നേയില്ല. പിന്നാക്കക്കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എന്നിട്ടും 22 വര്‍ഷത്തെ വികസനത്തെ കുറിച്ചാണ് അവര്‍ പറയുന്നത്. മോദിയുടെ പ്രസംഗങ്ങളിലെല്ലാം 90 ശതമാനവും അദ്ദേഹത്തെ കുറിച്ച് മാത്രമാണ് പറയുന്നത്. മോദിയെ കുറിച്ചോ തന്നെക്കുറിച്ചോ അല്ല തിരഞ്ഞെടുപ്പ്. ബിജെപിയെയും കോണ്‍ഗ്രസ്സിനെ കുറിച്ചുമല്ല. ഗുജറാത്ത് ജനതയുടെ ഭാവിയാണ് തിരഞ്ഞെടുപ്പില്‍ വിഷയം. എന്നാല്‍ ഇതിനെ കുറിച്ചോ അഴിമതിയെ കുറിച്ചോ പറയാന്‍ മോദിക്കാവുന്നില്ല. പട്ടേല്‍ സമുദായം, അങ്കണ വാടി ജീവനക്കാര്‍, ദലിതുകള്‍ തുടങ്ങിയവരെ കുറിച്ചും മോദി മിണ്ടുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാര്‍ക്ക് പണം വെളുപ്പിക്കാനായെന്നല്ലാതെ യാതൊരു നേട്ടവുമുണ്ടായില്ല. ചെറുകിട കച്ചവടം തകരുകയും നിരവധി പേര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തുവെന്നല്ലാതെ  ജിഎസ്ടിയിലൂടെയും യാതൊരു നേട്ടവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it