പ്രധാനമന്ത്രിയുടെ റാലിക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ നിര്‍ദേശം

പ്രധാനമന്ത്രിയുടെ റാലിക്ക്  വിദ്യാര്‍ഥികളെ എത്തിക്കാന്‍ നിര്‍ദേശം
X
MODI-SILENT

ഇന്‍ഡോര്‍: ബി ആര്‍ അംബേദ്കറുടെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചു പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലേക്ക് കോളജ് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള നിര്‍ദേശം വിവാദമായി. അംബേദ്കറുടെ ജന്‍മസ്ഥലമായ മോവിലാണു നാളെ റാലി. ആദിവാസി വികസനവകുപ്പാണ് കോളജുകള്‍ക്ക് 100 വിദ്യാര്‍ഥികളെ വീതം അവരുടെ ചെലവില്‍ ബസ്സില്‍ റാലിക്കെത്തിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവ് നല്‍കിയത്.
വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് ഉത്തരവില്‍ 'വിദ്യാര്‍ഥികളെഎന്ന പദത്തിനു പകരം 'വോളന്റിയര്‍മാര്‍' എന്നാക്കി തിരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. റാലിയില്‍ വന്‍ ജനക്കൂട്ടം പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് എന്‍സിസി, എന്‍എസ്എസ് വോളന്റിയര്‍മാരെ പങ്കെടുപ്പിക്കാന്‍ കോളജുകളോട് ആവശ്യപ്പെട്ടതെന്നാണ് ജില്ലാ കലക്ടര്‍ പി നാര്‍ഹരിയുടെ വിശദീകരണം.
എന്നാല്‍ അധികൃതരുടെ നിര്‍ദേശം തുഗ്ലക്ക് ഉത്തരവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദിക്കു ജനങ്ങള്‍ക്കിടയിലുള്ള പിന്തുണ കുറഞ്ഞുവരികയാണെന്നും റാലിയില്‍ ആളെക്കൂട്ടുന്നതിനുവേണ്ടിയാണു പരീക്ഷാക്കാലത്ത് റാലിയിലേക്കു വിദ്യാര്‍ഥികളെ എത്തിക്കാന്‍ ഉത്തരവിട്ടതെന്നും കോണ്‍ഗ്രസ് സംസ്ഥാന വക്താവ് കെ കെ മിശ്ര കുറ്റപ്പെടുത്തി. ഭരണാധികാരികള്‍ യുവാക്കളുടെ ഭാവിയെ പറ്റി ചിന്തിക്കാത്തതുകൊണ്ടാണ് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്നു ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it