Flash News

പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്റെ മെട്രോ യാത്ര വിവാദത്തില്‍ ; സുരക്ഷാ വീഴ്ചയെന്ന് കടകംപള്ളി



കൊച്ചി/തിരുവനന്തപുരം:  മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രി സഞ്ചരിച്ച ട്രെയിനില്‍ കുമ്മനം രാജശേഖരന്‍ ഇടംപിടിച്ചത് വിവാദമാവുന്നു. സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിര്‍മാണഘട്ടം മുതല്‍ മെട്രോ ട്രാക്കില്‍ കയറുന്ന സമയം വരെ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച  മുന്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ക്ഷണിക്കപ്പെട്ട മറ്റുള്ളവരും പുറത്ത് നില്‍ക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍  മെട്രോയില്‍ കയറിപ്പറ്റിയത്.  ചടങ്ങില്‍ പങ്കെടുക്കേണ്ടുന്ന സ്ഥലം എംഎല്‍എ പി ടി തോമസ് ഉള്‍പ്പെടെയുള്ള 17 പേരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ പ്രധനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചെങ്കിലും സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷനേതാവും കൊച്ചി മെട്രോ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള 10 പേരുടെ പേര് ഒഴിവാക്കുകയായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും  ഇ ശ്രീധരനേയും ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തിയത്. അപ്പോഴും സ്ഥലം എംഎല്‍എയെ ഉള്‍പ്പെടുത്തിയില്ല. കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് വിവാദമായതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യം രംഗത്തുവന്നത്. ഫേസ്ബുക്ക്‌പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തേ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ചയാണെന്ന്് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇത്് എസ്പിജി പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോമാന്‍ ഇ ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത്. ഇ ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് ചടങ്ങില്‍ സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേര്‍ത്ത് കാണണം. സുരക്ഷാവീഴ്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായ പ്രോട്ടോക്കോള്‍ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവര്‍ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കൊപ്പം ആരൊക്കെ യാത്ര ചെയ്യണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ ഓഫിസാണെന്നും അത് രേഖാമുലം ലഭിക്കുന്നതാണെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും നല്‍കിയ ലിസ്റ്റില്‍ തന്റെ പേരുള്ളതുകൊണ്ടാണ് താന്‍ മെട്രോയില്‍ കയറിയതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ലിസ്റ്റില്‍ പേരില്ലാത്ത ഒരാള്‍ക്ക് പ്രധാമന്ത്രിയും മുഖ്യമന്ത്രിയും ഇരിക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രികൂടിയാണ്. അദ്ദേഹത്തിനൊപ്പം ചീഫ് സെക്രട്ടറിയും ഡിജിപിയുമൊക്കെയുണ്ടായിരുന്നു. അനുവാദമില്ലാതെ ഒരാള്‍ പ്രവേശിച്ചെങ്കില്‍ അത് വലിയ സുരക്ഷാ വീഴ്ചയാണ്്. ഇതിന്റെ ഉത്തരവാദിയാരാണെന്നും കുമ്മനം ചോദിച്ചു.  വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം ആരൊക്കെ സഞ്ചരിക്കണമെന്നത് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയാന്‍ പറ്റില്ല. അദ്ദേഹം അത് വ്യക്തമാക്കട്ടെയെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it