kannur local

പ്രത്യേക അധ്യാപക പരിശീലനം ഇന്നുമുതല്‍

കണ്ണൂര്‍:  വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വശിക്ഷാ അഭിയാന്റെയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അധ്യാപക പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നാരംഭിക്കും. പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് എട്ടുദിവസത്തെ പരിശീലനമാണ് ഇത്തവണ ലഭിക്കുക. ഗണിതം, പരിസരപഠനം, ഭാഷ എന്നീ വിഷയങ്ങളോടൊപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പ്രയോഗം, ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, ഹരിതോല്‍സവം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയ പൊതുവിഷയങ്ങളിലുമാണ് പരിശീലനം. ഈ അധ്യയനവര്‍ഷം എല്‍ പി, യുപി ക്ലാസുകളില്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് മുമ്പത്തേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഓരോ സ്‌കൂളില്‍നിന്നും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സന്നദ്ധരായ അധ്യാപകര്‍ക്ക് എട്ടുദിവസത്തെ ഹലോ ഇംഗ്ലീഷ് പ്രത്യേക പരിശീലനം നല്‍കും. യുപി അധ്യാപകര്‍ക്ക് ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം, മലയാളം  വിഷയങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം തിരഞ്ഞെടുക്കാം. ഗണിതത്തിലെ പിന്നാക്കാവസ്ഥ മറികടക്കാനും പഠനം രസകരമാക്കാനും നിരവധി പഠനോപകരണങ്ങളുടെ നിര്‍മാണവും പ്രയോഗവും ഇത്തവണത്തെ പരിശീലനത്തിന്റെ പ്രത്യേകതയാണ്.
ശാസ്ത്രവിഷയത്തില്‍ കുട്ടികള്‍ക്ക് സ്വയം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള നിരവധി ഉപകരണങ്ങളുടെ നിര്‍മാണവും നടക്കും.  അറബി, ഉറുദു, സംസ്‌കൃതം, ഹിന്ദി ഭാഷകളിലും എട്ടു ദിവസത്തെ പരിശീലനം നല്‍കും. പരിശീലന കേന്ദ്രങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ ബാധകമാക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് ചാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിക്കും.
Next Story

RELATED STORIES

Share it