World

പ്രതിഷേധങ്ങള്‍ക്കിടെ പുടിന്‍ നാലാമതും അധികാരത്തിലേക്ക്‌

മോസ്‌കോ:  പ്രതിഷേധങ്ങള്‍ക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇന്ന്  നാലാം തവണയും  പ്രസിഡന്റായി അധികാരമേല്‍ക്കും. ചരിത്രത്തിന്റെ ഭാഗമാവുന്ന ചടങ്ങിന് കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ് അലക്‌സി നാവല്‍നിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ കനത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്.
കഴിഞ്ഞദിവസം നാവല്‍നിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന്  പ്രതിപക്ഷപ്രവര്‍ത്തകര്‍ പുടിനെതിരേ റാലികളും പ്രതിഷേധ പരിപാടികളും രാജ്യത്താകമാനം സംഘടിപ്പിച്ചിരുന്നു. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് അലക്‌സി നാവല്‍നിയെയും 1600 അനുയായികളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2012ല്‍ അധികാരത്തിലേറിയ സമയത്ത് സ്ഥാനാരോഹണ ചടങ്ങുകളുടെ ഭാഗമായി മോസ്‌കോ തെരുവിലൂടെ പുടിന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പുടിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രക്ഷോഭകരും പോലിസും തമ്മിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ അറസ്റ്റ് വരിക്കുകയും നാലര വര്‍ഷം വരെ തടവിലാവുകയും ചെയ്തു.
എന്നാല്‍, ഇത്തവണ തന്റെ തിരഞ്ഞെടുത്ത അനുയായികളുമായി മാത്രമേ പുടിന്‍ കൂടിക്കാഴ്ച നടത്തൂ. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ പരസ്യമായി റാലി നടത്തേണ്ടെന്നാണ് തീരുമാനം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ടെലഗ്രാം ആപ് ഉപയോഗിക്കുന്നത് കഴിഞ്ഞമാസം ടെലികോം വകുപ്പ് നിരോധിച്ചിരുന്നു. ഫേസ്ബുക്കും നിരോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നാലാം തവണയും തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന പുടിന്‍ 18 വര്‍ഷമായി പ്രസിഡന്റ് പദവി കൈയാളുന്നയാളാണ്. സിറിയന്‍ പ്രക്ഷോഭത്തില്‍ വേണ്ടിവന്നാല്‍ സൈനിക ഇടപെടല്‍ നടത്തുമെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് എല്ലാ പിന്തുണയും നല്‍കുമെന്നും തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് പുടിന്‍ പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it