Idukki local

പ്രതിഷേധം ശക്തം; ഹര്‍ത്താല്‍ പൂര്‍ണം

ഇടുക്കി: ദലിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ സമ്പൂര്‍ണം. പ്രകടനങ്ങളും വാഹനങ്ങള്‍ തടയലുമായി രാവിലെ അറുമുതല്‍ തന്നെ വിവിധ ദലിത് സംഘടനാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. തൊടുപുഴയില്‍  അതിരാവിലെ തന്നെ ദലിത് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് ഹര്‍ത്താലിനോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയും പ്രകടനങ്ങള്‍ നടത്തി കടകള്‍ തുറക്കുന്നതില്‍ നിന്ന് വ്യാപാരികളെ പിന്തിരിപ്പിക്കുകയും ചെയ്തു. കടകളെല്ലാം പൂര്‍ണമായും അടഞ്ഞുകിടന്നു.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. രാവിലെ തൊടുപുഴ ഡിപ്പോയില്‍നിന്നു സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. തൊടുപുഴ, ചെറുതോണി, കട്ടപ്പന, നെടുങ്കണ്ടം, കുമളി, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍ തുടങ്ങി എല്ലാ ടൗണുകളിലും വാഹനങ്ങള്‍ തടഞ്ഞു. തടഞ്ഞിട്ട വാഹനങ്ങള്‍ അഞ്ചുമിനിറ്റിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്. നിരവധി വിവാഹങ്ങള്‍ നടന്ന ജില്ലയില്‍ വിവാഹ വാഹനങ്ങളെ കടത്തിവിട്ടു. ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ രാവിലെ ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇതോടെ, പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തി ഡിപ്പോയിലേക്ക് മടങ്ങാന്‍ മേലധികാരികള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
ഇതോടെ, പാതിവഴിയില്‍ ഇറങ്ങിപ്പോവേണ്ടി വന്ന യാത്രക്കാര്‍ നിരവധിയാണ്. അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യാത്രികനെ പാതിവഴിയില്‍ ഇറക്കിവിട്ടതില്‍ പ്രതിഷേധമുണ്ടായി. നെടുങ്കണ്ടം, കട്ടപ്പന, ചെറുതോണി, അടിമാലി, കുമളി, മൂന്നാര്‍, രാജാക്കാട്, തൊടുപുഴ, തൂക്കുപാലം തുടങ്ങിയ പ്രധാന പട്ടണങ്ങളില്‍ അടക്കം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഹര്‍ത്താലിനോട് ആദ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി, ബസ് അസോസിയേഷന്‍ സംഘടനകളും മുഖം തിരിക്കുകയാണ് ചെയ്തത്.
ഹര്‍ത്താലിനോട് അനുബന്ധിച്ച് നെടുങ്കണ്ടത്ത് നടത്തിയ പ്രകടനത്തിന് സംയുക്ത സമരസമിതി കണ്‍വീനര്‍ അജീഷ് മുതുകുന്നേല്‍ നേതൃത്വം വഹിച്ചു. ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നു സ്വകാര്യ ബസുടമകളും വ്യാപാരിവ്യവസായി സംഘടനയും നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസുകളും പതിവുപോലെ സര്‍വീസ് നടത്തുമെന്ന് എംഡി എ ഹേമചന്ദ്രനും അറിയിച്ചിരുന്നു. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങള്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തോട്ടം മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
Next Story

RELATED STORIES

Share it