പ്രതിരോധമന്ത്രി ദുരന്തമുഖത്ത്

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടലില്‍ അകപ്പെട്ട എല്ലാ മല്‍സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ പരിശോധനയും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന് മന്ത്രി ഉറപ്പു നല്‍കി. അതിനായി എല്ലാവിധ ശ്രമങ്ങളും നടത്തും. ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം ധനസഹായം സംബന്ധിച്ച മറ്റു കാര്യങ്ങളില്‍ നടപടിയുണ്ടാവും. കന്യാകുമാരി സന്ദര്‍ശനത്തിനുശേഷം രാവിലെ കോവളത്തെത്തി അവലോകന യോഗം നടത്തിയശേഷമാണ് മന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ആദ്യം ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെങ്കിലും മന്ത്രിയുടെ തുടര്‍ച്ചയായ അഭ്യര്‍ഥന മാനിച്ച് ജനങ്ങള്‍ നിശ്ശബ്ദരായി. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞ മന്ത്രി, സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയില്ല. വളരെ ശക്തമായ ന്യൂനമര്‍ദമാണെന്നു മാത്രമാണ് ആദ്യം വിവരം ലഭിച്ചത്. പിന്നീടാണ് ശക്തമായ കാറ്റാണെന്ന് മനസ്സിലായത്. ഈ സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്താതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കും. എന്നാല്‍, കടലില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം, വിഴിഞ്ഞവും പൂവാറും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. മന്ത്രിമാര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ ജനങ്ങള്‍ വിഎസിനെ ആവേശപൂര്‍വമാണ് വരവേറ്റത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടന്‍ സുരേഷ് ഗോപിയും സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it