പ്രതിപക്ഷ ബഹളം; നിയമസഭ നേരത്തേ പിരിഞ്ഞു

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ നേരത്തേ പിരിഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചു.
സോളാര്‍ കമ്മീഷനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരസ്യമായി ശാസിച്ചെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ സുരേഷ് കുറുപ്പാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കമ്മീഷന്റെ പ്രവര്‍ത്തനം തുടക്കം മുതല്‍ തടസ്സപ്പെടുത്തി ബോധപൂര്‍വം നീട്ടിക്കൊണ്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. ബിജു രാധാകൃഷ്ണന്റെ സിഡി കണ്ടെടുക്കാനുള്ള നീക്കം പോലിസിനെ ഉപയോഗിച്ച് പരാജയപ്പെടുത്തി. കമ്മീഷനോട് സഹകരിക്കാത്ത സര്‍ക്കാര്‍ സോളാര്‍ അന്വേഷണം അട്ടിമറിക്കുന്നതായും സുരേഷ് കുറുപ്പ് ആരോപിച്ചു.
എന്നാല്‍, ഈ സമ്മേളന കാലയളവില്‍ തന്നെ നിരവധി തവണ വിഷയം ചര്‍ച്ച ചെയ്തതാണെന്നും ഇനി അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് നല്‍കുന്ന പ്രാധാന്യത്തോടെ വേണമെങ്കില്‍ ആദ്യ സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്ന സ്പീക്കറുടെ നിര്‍ദേശം പ്രതിപക്ഷം തള്ളി. തുടര്‍ന്ന് ബഹളവുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.
ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറി സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചത്. ബഹളം ശക്തമായതോടെ ഉപധനാഭ്യര്‍ഥനകളും അധികധനാഭ്യര്‍ഥനയും ചര്‍ച്ച കൂടാതെ പാസാക്കിയും നഗരാസൂത്രണ ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ചും നിയമസഭ പിരിഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചു. വി എസും മുദ്രാവാക്യം വിളിച്ചുകൊടുത്തു. സ്പീക്കറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
Next Story

RELATED STORIES

Share it