Editorial

പ്രതിപക്ഷനിരയിലെ പുതിയ സാധ്യതകള്‍

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബുധനാഴ്ച ജനതാദള്‍ (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി അധികാരമേല്‍ക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ മതേതര, ജനാധിപത്യ ശക്തികളുടെ പുതിയൊരു പുനരേകീകരണത്തിനു സാധ്യത തെളിയിച്ചുകൊണ്ടാണ്. മന്ത്രിസഭയിലെ അംഗസംഖ്യയെപ്പറ്റിയും കോണ്‍ഗ്രസ്സിനും ജനതാദളിനും കിട്ടേണ്ട സ്ഥാനങ്ങളെപ്പറ്റിയും തര്‍ക്കങ്ങള്‍ ഇതിനകം ഉദ്ഭവിച്ചിട്ടുണ്ടെങ്കിലും കര്‍ണാടകയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയുന്നതിലുണ്ടായ ഐക്യവും വിജയവും വളരെ ആശ്വാസദായകം തന്നെയാണ്.
കോണ്‍ഗ്രസ്സും ജനതാദളും തമ്മില്‍ നേരത്തേയും ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ബന്ധം തുടരുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. ഇത്തവണയും തിരഞ്ഞെടുപ്പിനു മുമ്പ് ഒരു മുന്നണിയായി മല്‍സരിക്കാനുള്ള സാധ്യത ഇരുകക്ഷികള്‍ക്കും ഉണ്ടായിരുന്നെങ്കിലും അത്തരമൊരു യോജിപ്പിലേക്ക് എത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. അതിനാല്‍ പുതിയ മന്ത്രിസഭയും അഞ്ചുവര്‍ഷം തികയ്ക്കുമോ എന്ന കാര്യത്തെപ്പറ്റി സംശയങ്ങളുണ്ട്. നേരത്തേ നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വീണ്ടും അത്തരമൊരു അനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ രണ്ടു കക്ഷികളും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുക.
ഏതായാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കര്‍ണാടക വിപുലമായ പുതിയ സാധ്യതകള്‍ തുറന്നുവയ്ക്കുന്നുണ്ട്. തുടര്‍ച്ചയായി പരാജയങ്ങളാണ് ആ പാര്‍ട്ടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ നേതൃനിരയില്‍ സോണിയാഗാന്ധിക്ക് ഉണ്ടായിരുന്ന സ്വീകാര്യതയും ബഹുമാനവും അദ്ദേഹം ഇനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളെയും മറ്റു മതേതര കക്ഷികളെയും ഒന്നിച്ചുകൊണ്ടുപോവുന്നതില്‍ സുപ്രധാനമായ നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയാണ്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വം അംഗീകരിക്കുന്നതിനു പലരും വിമുഖത കാണിക്കുന്നുണ്ട് എന്നതു വസ്തുതയാണ്.
മമതാ ബാനര്‍ജിയും മായാവതിയും ചന്ദ്രശേഖര്‍ റാവുവും ഒക്കെ ബിജെപിക്ക് എതിരായ വിശാലമായ മുന്നണിയെ സംബന്ധിച്ചു പറയുന്നുണ്ടെങ്കിലും നേതൃത്വം ആര്‍ക്കായിരിക്കണം എന്നതിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലാലുപ്രസാദ് യാദവും ശരത് പവാറും അടക്കമുള്ള പല നേതാക്കളും കോണ്‍ഗ്രസ്സുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സന്ദേശമാണു നല്‍കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സുമായി നീക്കുപോക്കുകള്‍ക്ക് തയ്യാറാണ് എന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്.
ഇതെല്ലാം സങ്കീര്‍ണമായ ഒരു രാഷ്ട്രീയ ചിത്രമാണു വരച്ചുവയ്ക്കുന്നത്. എന്നാല്‍, 2019ലെ ജനവിധി ഇന്ത്യയെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്. അതിനാല്‍ വിട്ടുവീഴ്ചകള്‍ക്കും യോജിപ്പിനും എല്ലാ വിഭാഗങ്ങളും തയ്യാറെടുക്കേണ്ട സന്ദര്‍ഭമാണ് ആഗതമാവുന്നത്.
Next Story

RELATED STORIES

Share it