palakkad local

പ്രണവിന് പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കൈത്താങ്ങായി ഇന്നര്‍വീല്‍ ക്ലബ്‌

സുനുചന്ദ്രന്‍ ആലത്തൂര്‍
ആലത്തൂര്‍: വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് വിജയ തീരത്തിലേക്ക് പറക്കുന്ന പ്രണവിന് ചണ്ഡീഗഡില്‍ നടക്കുന്ന പാരാ അത് ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കൈത്താങ്ങായി പാലക്കാട് ഇന്നര്‍ വീല്‍ ക്ലബ്ബ് മാതൃകയാവുന്നു. പ്രണവിനും കൂടെ പോവുന്ന അച്ഛനും വേണ്ട മുഴുവന്‍ ചെലവും ഇന്നര്‍ വീല്‍ ക്ലബ്ബ് വഹിക്കുമെന്ന് പ്രസിഡന്റ് വാണി ഹേമചന്ദ്രനും സെക്രട്ടറി മധു ജയനും അറിയിച്ചു. തിങ്കളാഴ്ച തുക കൈമാറും. ഡിഗ്രിക്ക് പഠിക്കുന്ന പ്രണവിന്റെ വിദ്യാഭ്യാസ ചെലവും വഹിക്കുന്നത് ഇന്നര്‍ വീല്‍ ക്ലബ്ലാണ്. മാര്‍ച്ച് 25 മുതല്‍ 29 വരെ ചണ്ഡീഗഡിലെ പഞ്ചഗുളയിലാണ് പതിനെട്ടാമത് നാഷണല്‍ പാരാ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. പ്രണവ് ഉള്‍പ്പടെ കേരളത്തില്‍ നിന്ന് 18 പേരാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. ഫെബ്രുവരി 27ന് തൃശൂര്‍ തോപ്പ് സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ സെലക്ഷന്‍ കാംപയിനില്‍ പങ്കെടുത്താണ് 100, 200 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കാന്‍ പ്രണവ് യോഗ്യത നേടിയത്. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കഴിഞ്ഞ ഏഴുവര്‍ഷമായി കേരള പാരാലിംമ്പിക്‌സ് ചാംപ്യന്‍ഷിപ്പിലെ സ്ഥിരം സാന്നിധ്യവും താരവുമാണ്. മാര്‍ച്ച് 11 മുതല്‍ 14 വരെ തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തല്‍ നടന്ന ട്രെയിനിങ് ക്യാംപിലും പ്രണവ് പങ്കെടുത്തിരുന്നു. നാഷനല്‍ പാരാ അത് ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയ പ്രണവ് ഓടാന്‍ പോകണോ കുടുംബപ്രാരാബ്ദങ്ങളോര്‍ത്ത് പോകാതിരിക്കണോ എന്ന ചിന്തയിലായിരുന്നു. അപ്പോഴാണ് വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത ഇന്നര്‍ വീല്‍ ക്ലബ്ബ് തന്നെ തന്റെ കായിക സ്വപ്‌നത്തിനും സഹായമായി മാറിയത്. പ്രണവിനെ കൂടാതെ പാലക്കാട് ജില്ലയില്‍ നിന്ന് കാവശ്ശേരിയിലെ വി സുമമോള്‍, ചിറ്റൂരിലെ വി സുമ, മുണ്ടൂരില്‍ നിന്നുള്ള പി ആര്‍ മഞ്ജു, പാലക്കാട് നിന്നുള്ള സി കനകലത എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്. ഇവര്‍ക്കും സാമ്പത്തിക പരാധീനത ഒരു പ്രശ്‌നമാണ്. ഇവരേയും ഇതുപോലുള്ള ക്ലബ്ബുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രണവ് .
Next Story

RELATED STORIES

Share it