World

പ്രക്ഷോഭങ്ങള്‍ക്കിടെ ഒന്നാം ഇന്‍തിഫാദയുടെ 30ാം വാര്‍ഷികം

ജറുസലേം: ഒന്നാം ഇന്‍തിഫാദയുടെ മുപ്പതാം വാര്‍ഷികത്തില്‍ ജറുസലേം നഗരത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ഫലസ്തീന്‍ ജനത. ഇസ്രായേല്‍ ആക്രമണത്തില്‍ നാലു ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 1987 ഡിസംബര്‍ 9നായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. 87 ഡിസംബര്‍ 8നായിരുന്നു ഗസയിലെ ജബാലിയ അഭയാര്‍ഥി ക്യാംപിലെ നാലു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ടാങ്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്തിയത്. ഇസ്രായേല്‍ സൈന്യത്തിന്റെ കരുതിക്കൂട്ടിയുള്ള ഈ ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇന്‍തിഫാദയുടെ (മുന്നേറ്റം) തുടക്കം. ഒമ്പതു മാസത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ 1,100ഓളം കൊല്ലപ്പെടുകയും 16,000ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.  ഫലസ്തീന്‍ സമൂഹത്തിനിടയില്‍ ഐക്യത്തിന്റേതായ ഒരു മാറ്റമുണ്ടാവാന്‍ ഇന്‍തിഫാദ കാരണമായതായി ഫതഹ് റവല്യൂഷനറി കൗണ്‍സില്‍ അംഗമായിരുന്ന ഖവാല അല്‍ അസ്‌റാഖ് ഓര്‍ക്കുന്നു. അന്നത്തെ പ്രക്ഷോഭങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. അന്ന് ഗര്‍ഭിണിയായിരുന്ന താന്‍ ആരോഗ്യസ്ഥിതി വകവയ്ക്കാതെയാണ് പ്രക്ഷോഭങ്ങളില്‍ പങ്കാളിയായതെന്നും അവര്‍ ഓര്‍ക്കുന്നു. സമരങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കുമൊപ്പം ഇസ്രായേല്‍ ഉപരോധത്തെ ചെറുക്കുന്നതിനായി രഹസ്യമായി സ്‌കൂളുകളും ക്ലിനിക്കുകളും ആരംഭിച്ചും പ്രക്ഷോഭങ്ങളുടെ ഭാഗമായി തുടര്‍ന്നു-  ഖവാല അല്‍ അസ്‌റാഖ്  പറഞ്ഞു. താരതമ്യേന സമാധാനപരമായിരുന്ന ഒന്നാം ഇന്‍തിഫാദയ്ക്കുനേരെ അതിക്രൂരമായായിരുന്നു ഇറാഖ് സൈന്യത്തിന്റെ പ്രതികരണം. ഫലസ്തീന്‍ പ്രക്ഷോഭകരുടെ എല്ലുകള്‍ തകര്‍ക്കാനായിരുന്നു അന്നത്തെ ഇസ്രായേലി പ്രതിരോധമന്ത്രിയും 1994ലെ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ യിറ്റ്‌സാക് റാബിന്‍ അവരുടെ സൈന്യത്തിനു നല്‍കിയ നിര്‍ദേശമെന്നും അസ്‌റാഖ് ഓര്‍മിക്കുന്നു. വെസ്റ്റ്ബാങ്കിലെ അന്നത്തെ സാമ്പത്തിക സ്ഥിതി താരതമ്യേന ഭേദമായിരുന്നുവെന്ന് ഒന്നാം ഇന്‍തിഫാദയില്‍ പങ്കാളിയായിരുന്ന അബു അഹമ്മദ് പറഞ്ഞു.  അറസ്റ്റിലായ ഫലസ്തീന്‍കാര്‍ തടവറയില്‍ നേരിട്ട ക്രൂരമര്‍ദനങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്‍തിഫാദയില്‍ പങ്കാളിയായ അബു മഹ്മൂദ് പങ്കുവച്ചു. തടവുകാരെ നഗ്നരാക്കി റൈഫിളുകളും ലാത്തികളുമുപയോഗിച്ച് ഇസ്രായേല്‍ ഗാര്‍ഡുമാരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ മര്‍ദിച്ചു. തടവുകാരെ ഒരു ജയിലില്‍ നിന്ന മറ്റൊന്നിലേക്കു കൊണ്ടുപോയിരുന്ന വാഹനങ്ങള്‍ തങ്ങളുടെ ചോര ചിന്തി ചുവന്നിരുന്നതായും അദ്ദേഹം ഓര്‍ക്കുന്നു.
Next Story

RELATED STORIES

Share it