Idukki local

പ്രകൃതിവിരുദ്ധ പീഡനം; 10 പേര്‍ റിമാന്‍ഡില്‍



തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികളെ മൂന്ന് വര്‍ഷമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്ന 10 പേര്‍ പോലിസിന്റെ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. പ്രതികളിലൊരാള്‍ അപകടത്തില്‍ പരിക്കേറ്റ് കിടപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന സുബ്രഹ്മണ്യന്‍ (53), സുമേഷ് (27), സെബിന്‍ (23), ബിബിന്‍ (21), ലിബിന്‍ (21), കിരണ്‍ (21), ജിജീഷ് (36), ജിന്റോ (20), അനൗഷ് (23) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ചിരുന്ന പ്രതികള്‍ 13 വയസ് മുതല്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചു തുടങ്ങി. മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കാട്ടിയും ചെറു സമ്മാനങ്ങള്‍ നല്‍കിയും ഇവര്‍ കുട്ടികളെ പ്രലോഭിപ്പിച്ചുവന്നു. തുടര്‍ന്ന് പ്രതികളുടെ വീട്ടിലും വിവിധ സ്ഥലങ്ങളിലും വച്ച് കുട്ടികളെ പീഡിപ്പിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ വീട്ടില്‍ പറയുമെന്നു പറഞ്ഞ് കുട്ടികളെ ഭയപ്പെടുത്തി. ഇതോടെ വിദ്യാര്‍ഥികള്‍ മാനസികമായി തകര്‍ന്ന നിലയിലായി. പരീക്ഷക്കാലമായിട്ടും പഠനത്തില്‍ ശ്രദ്ധിക്കാതെ തളര്‍ന്നിരിക്കുന്ന കുട്ടികളെ കണ്ട അധ്യാപകര്‍ ഇവരെ കൗണ്‍സലിങിനു വിധേയരാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍ തിങ്കളാഴ്ച രാവിലെ തന്നെ വിവരം തൊടുപുഴ പോലിസില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പോലിസ് പറഞ്ഞപ്പോഴാണ് കുട്ടികളുടെ വീട്ടുകാരും വിവരമറിഞ്ഞത്. പ്രതികള്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്തയാളെ തിരുവഞ്ചൂരുള്ള ജുവനൈല്‍ ഹോമിലേക്കയച്ചു. തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നിര്‍ദേശപ്രകാരം എസ്‌ഐ വി സി വിഷ്ണുകുമാര്‍, ജൂനിയര്‍ എസ്‌ഐ വിനോദ്, അഡീഷണല്‍ എസ്‌ഐ ജോസഫ്, എഎസ്‌ഐ അബി, സിപിഒമാരായ വിനോദ്, അഷ്‌റഫ്, രജനീഷ്, അന്‍സില്‍മോന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it