Flash News

പോഷക സംഘടനകളിലും കുമ്മനംപക്ഷം പിടിമുറുക്കുന്നു



തിരുവനന്തപുരം: ബിജെപി—ക്കു സംസ്ഥാന ഘടകത്തിനു പുറമെ, സംഘടനാ ചുമതലകളിലും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അനുകൂലിക്കുന്ന ആര്‍എസ്എസ് വിഭാഗം പിടിമുറുക്കുന്നു. പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാ കമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കിനിശ്ചയിച്ചപ്പോള്‍ കുമ്മനത്തെ അനുകൂലിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്നു ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രനെ ഒഴിവാക്കി. കര്‍ഷക മോര്‍ച്ചയുടെ ചുമതല പകരം നല്‍കി. കൂടാതെ, പാര്‍ട്ടി ആസ്ഥാനം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയുടെ ചുമതലയില്‍ നിന്നു സുരേന്ദ്രനെ ഒഴിവാക്കി വടക്കന്‍ മേഖലയുടെ ചുമതല നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോഴയില്‍ ആരോപണവിധേയനും കുമ്മനത്തിന്റെ വിശ്വസ്തനുമായ സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശിനാണ് യുവമോര്‍ച്ചയുടെ ചുമതല നല്‍കിയത്. മധ്യമേഖല, ഒബിസി മോര്‍ച്ച, പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനം എന്നിവയുടെ ചുമതലയും രമേശിനു നല്‍കി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്. ബിജെപിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ മെഡിക്കല്‍ കോഴയും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് ചോര്‍ത്തലുമെല്ലാം രമേശിനെ ലക്ഷ്യമിട്ടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ഇതില്‍നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് പുതിയ ചുമതലകള്‍ അദ്ദേഹത്തിനു നല്‍കിയത്. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി ഹരി എസ് കര്‍ത്ത, ആര്‍ സന്ദീപ്, മോഹനചന്ദ്രന്‍ നായര്‍, ആനന്ദ് എസ് നായര്‍ എന്നിവരെ നിയോഗിച്ചു. ഇവരില്‍ മൂന്നുപേര്‍ കുമ്മനം രാജശേഖരനുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. ജനരക്ഷാ യാത്രയ്ക്ക് തൊട്ടുമുമ്പ് ഖജാഞ്ചി പ്രതാപചന്ദ്ര വര്‍മയെ മാറ്റി ശ്യംകുമാറിനെ നിയമിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ മുന്‍നിര്‍ത്തിയാണ് ഖജാഞ്ചിയെ മാറ്റിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അടിയന്തരമായി ഖജാഞ്ചിയെ മാറ്റിയതെന്തിനെന്ന ചോദ്യം പാര്‍ട്ടിയിലുയര്‍ന്നെങ്കിലും നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പുതുതായി ജില്ലകളുടെ ചുമതല നല്‍കിയവരും ആര്‍എസ്എസിന്റെ ഉയര്‍ന്ന സ്ഥാനങ്ങളിലിരുന്നവരാണ്; വെള്ളിയാംകുളം പരമേശ്വന്‍ (തിരുവനന്തപുരം), എം എസ് കുമാര്‍ (കൊല്ലം), പി എം വേലായുധന്‍ (തൃശൂര്‍) തുടങ്ങിയവര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് ന്യൂനപക്ഷ മോര്‍ച്ചയുടെയും ശോഭാ സുരേന്ദ്രന് മഹിളാ മോര്‍ച്ചയുടെയും ചുമതല നല്‍കി. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനവും സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനത്തിനു കാരണമായിരുന്നു. കുമ്മനത്തിനെതിരേ പാര്‍ട്ടിയില്‍ അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നാണ് പുതിയ അഴിച്ചുപണി വെളിപ്പെടുത്തുന്നത്. അതേസമയം, കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരേ അവര്‍ തന്നെ രംഗത്തുവന്നു. ജനരക്ഷാ യാത്രയ്ക്കിടെ പരിക്കേറ്റു ചികില്‍സയിലായിരുന്നതിനാലാണ് പാര്‍ട്ടിയില്‍ സജീവമാവാന്‍ കഴിയാതിരുന്നതെന്നാണ് ശോഭാ സുരേന്ദ്രന്റെ വിശദീകരണം.
Next Story

RELATED STORIES

Share it