Flash News

പോഷകാഹാരക്കുറവ് : റോഹിന്‍ഗ്യന്‍ അഭയാര്‍ഥി കുട്ടികളുടെ ജീവന്‍ അപകടത്തില്‍



കോക്‌സ് ബസാര്‍: പോഷകാഹാരക്കുറവ് കാരണം ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്നു യൂനിസെഫ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപിലെ 25,000ഓളം കുട്ടികള്‍ പോഷകാഹാരക്കുറവ് കാരണമുള്ള വിവിധ രോഗങ്ങള്‍ക്കടിമപ്പെട്ടിരിക്കുകയാണെന്നും ഇതു കൂടുതല്‍ മരണത്തിനു കാരണമാവുമെന്നും യൂനിസെഫ് ബംഗ്ലാദേശ് ഘടകം മേധാവി എഡ്വാര്‍ഡ് ബീജ് ബെഡര്‍ അറിയിച്ചു. റാഖൈനിലെ സംഘര്‍ഷത്തില്‍ നിന്നു കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്ത് അഭയാര്‍ഥി ക്യാംപുകളിലെത്തിയ കുട്ടികള്‍ അത്യാപത്തിലാണ് അകപ്പെട്ടിരിക്കുന്നത്. പോഷകാഹാരത്തിന്റെ അപര്യാപ്തത കാരണം കുട്ടികളുടെ ജീവന്‍ അപകടത്തിലാണ്. എന്നാല്‍, ഇതു പ്രതിരോധിക്കാന്‍ കഴിയുന്നതാണെന്നും അതിനു കുട്ടികള്‍ക്ക് അടിയന്തര സഹായം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  ബലുഖാലിലെ മെഡിക്കല്‍ ക്യാംപില്‍ പോഷകാഹാരക്കുറവ് കാരണം 50ഓളം കുഞ്ഞുങ്ങള്‍ അത്യാസന്ന നിലയില്‍ കഴിയുന്നുണ്ട്്. ക്യാംപില്‍ ഭൂരിഭാഗം കുട്ടികളും എല്ലും തോലുമായ അവസ്ഥയിലാണ്. കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ആഹാരം ക്യാംപില്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അതു വളരെ പരിമിതമാണെന്നു ക്യാംപ് അധികൃതര്‍ പറയുന്നു. ബംഗ്ലാദേശിലെ ക്യാംപിലെത്തിയ ശേഷവും നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. ക്യാംപില്‍ ഭക്ഷണത്തിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അഭയാര്‍ഥികള്‍ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it