Flash News

പോലിസ് സ്റ്റേഷനില്‍ സിപിഎം ആക്രമണം; 25 പേര്‍ക്കെതിരേ കേസ്‌

കഴക്കൂട്ടം: കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്‌ഐയെയും പോലിസുകാരെയും മര്‍ദിച്ചു. സംഭവത്തില്‍ രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 25 പേര്‍ക്കെതിരേ കേസ്. തിരുവനന്തപുരം തുമ്പ സ്റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. എസ്‌ഐ പ്രതാപ് ചന്ദ്രനാണ് മര്‍ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെ സിപിഎം പ്രവര്‍ത്തകനായ നാസറിനെ തുമ്പ എസ്‌ഐ പ്രതാപ് ചന്ദ്രന്‍ മര്‍ദിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി എസ് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐയെയും പോലിസുകാരെയും തെറിവിളിച്ച ശേഷമായിരുന്നു കൈയേറ്റം. സംഭവം അറിഞ്ഞെത്തിയ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സി പി എം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. അതിനിടെ, പോലിസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തുന്ന ദൃശ്യം പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്നാണ് 25 പേര്‍ക്കെതിരേ കേസെടുത്തത്. പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സംഘം ചേര്‍ന്ന് സ്റ്റേഷന്‍ ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി എസ് പത്മകുമാര്‍, കുളത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി സനല്‍, സുരേഷ് ബാബു, ബെന്‍സിലോണ്‍, യൂനിയന്‍ കുമാര്‍ എന്ന കുമാര്‍, ഷൈജു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെയുമാണ് കേസ്.
.

Next Story

RELATED STORIES

Share it