പോലിസ് നിയമനത്തട്ടിപ്പ് കേസ് അന്തിമഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്

കായംകുളം: പോലിസ് നിയമനത്തട്ടിപ്പ് കേസ് അന്തിമഘട്ടത്തിലെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ മുഴുവന്‍ പേരും ഉടന്‍ പിടിയിലാവുമെന്നും സംഘം സൂചന നല്‍കി. പോലിസ് നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശരണ്യനല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇന്നലെ ചോദ്യംചെയ്തു.
ലോക്കല്‍ പോലിസ് കുറ്റക്കാരല്ലെന്നു കണ്ട് കേസില്‍ ഉള്‍പ്പെടുത്താതിരുന്ന നിരവധി പേരില്‍ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ പലരും ഉടന്‍ അറസ്റ്റിലാവുമെന്ന് അന്വേഷണസംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടിട്ടുള്ളവരെ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കുകയും കുറ്റക്കാരെന്നു ബോധ്യപ്പെട്ടാല്‍ മാത്രം അറസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. തട്ടിപ്പു നടത്തി സമ്പാദിച്ച പണം ചെലവാക്കിയ രീതികളെപ്പറ്റി അന്വേഷിച്ചു വരുകയാണ്. അന്വേഷണം വളരെ വേഗത്തില്‍ നടത്തുന്നുണ്ടെന്നും പഴുതടച്ചുള്ള അന്വേഷണമായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നതാണ് കൂടുതല്‍ പേരുടെ അറസ്റ്റ് വൈകുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രാമപുരം സ്വദേശി അനില്‍കുമാര്‍, തട്ടിപ്പിന് ഇരയായവര്‍ക്ക് യൂനിഫോം തയ്ച്ചുകൊടുത്ത തയ്യല്‍ക്കാരന്‍ തുടങ്ങി നിരവധി പേരെ ചോദ്യംചെയ്തതായും ക്രൈംബ്രാഞ്ച് പറഞ്ഞു. തട്ടിപ്പുകേസില്‍ മുഖ്യപ്രതി ശരണ്യ ഉള്‍പ്പെടെ അഞ്ചുപേരെ ലോക്കല്‍ പോലിസും നാലു പേരെ ക്രൈംബ്രാഞ്ചും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ്‌ഐ സന്ദീപിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it