kannur local

പോലിസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി



പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നാവിക അക്കാദമി റോഡ് ഉപരോധിച്ച സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരെ പോലിസ് അതിക്രമത്തിലൂടെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജില്ലാ പോലിസ് ചീഫിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ കെ മോഹന്‍ദാസ് വിശദീകരണം തേടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന റോഡ് ഉപരോധത്തില്‍ പങ്കെടുത്തവരെ പോലിസ് ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ച് പോലിസ് വാഹനത്തില്‍ കയറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച് അടുത്ത മാസം 18ന് കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ എസ്പിക്ക് നോട്ടീസ് അയച്ചു. സമരസമിതി കണ്‍വീനര്‍ കെ പി രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് നടപടി. അതിനിടെ, ജനജീവിതം ദുസ്സഹമാക്കുന്ന നാവിക അക്കാദമിയിലെ മലിനജല പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അക്കാദമി ഗേറ്റില്‍ ജനാരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 53ാം ദിവസത്തിലേക്ക് കടന്നു. നിരാഹാരസമരം 31 ദിവസം പിന്നിട്ടു. സമരപ്പന്തലില്‍ വിനീത് കാവുങ്കാലിന്റെ നിരാഹാരം ഏഴാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സ്‌റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ നേതാക്കളും പ്രവര്‍ത്തകരും പന്തല്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കല്‍, ജോയിന്റ് സെക്രട്ടറി അഷ്‌റഫ് ഏഴിലോട്, ജില്ലാ സെക്രട്ടറി വി സി ഹനീഫ, മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍, സുബൈര്‍ കൂത്തുപറമ്പ് , സലാം കല്യാശ്ശേരി, കാസിം തൃക്കരിപ്പൂര്‍, രമേശന്‍ കൂത്തുപറമ്പ്, ഋഷികേശന്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നാളെ യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അനുഭാവ ഉപവാസം അനുഷ്ഠിക്കും.
Next Story

RELATED STORIES

Share it