Flash News

പോലിസുകാരന് ലഭിച്ചത് 2000ത്തിലധികം ഭീഷണിക്കത്തുകളും ഫോണ്‍ കോളുകളും

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനു ജീവപര്യന്തം ശിക്ഷ ലഭിച്ച ആശാറാം ബാപ്പുവിനെതിരേയുള്ള കേസ് അന്വഷിച്ച പോലിസ് മേധാവിക്ക് ഇതുവരെ ലഭിച്ചത് 2000ത്തിലധികം ഭീഷണിക്കത്തുകളും ഫോണ്‍ കോളുകളും. ഇതെല്ലാം മറികടന്നാണ് അജയ്പാല്‍ ലംബയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആള്‍ദൈവമായ ആശാറാം ബാപ്പുവിന് ശിക്ഷ വാങ്ങി നല്‍കിയത്.
2013 ആഗസ്തിലാണ് കേസിന്റെ അന്വേഷണ ചുമതല ജോധ്പൂര്‍ പടിഞ്ഞാര്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആയിരുന്ന ലംബയ്ക്ക് കൈമാറിയത്. സാക്ഷികള്‍ കൊല്ലപ്പെടുകയും ആശാറാമിന്റെ അനുയായികളുടെ ഭീഷണികളും നിലനില്‍ക്കുന്നതിനിടെയാണ് ഏറെ മാധ്യമശ്രദ്ധയുള്ള കേസ് അദ്ദേഹം ഏറ്റെടുക്കുന്നത്.
ആശാറാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നുള്ള നിരന്തരം ഭീഷണിക്കത്തുകള്‍ വന്നുകൊണ്ടേയിരുന്നു. മൊബൈല്‍ ഫോണും ഭീഷണിസന്ദേശം കൊണ്ട് നിര്‍ത്താതെ ബെല്ലടിച്ചു. അവസാനം അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണുകള്‍ എടുക്കാതായി. ഉദയ്പൂരിലേക്ക് താമസംമാറിയതോടെയാണ് കത്തുകള്‍ വരുന്നതു നിലച്ചതെന്നും ലംബ പറയുന്നു.
2005 ബാച്ചിലെ ഐപിഎസ് ഓഫിസറായ ലംബ നിലവില്‍ ജോധ്പൂര്‍ എസ്പി (അഴിമതിവിരുദ്ധ ബ്യൂറോ)യാണ്. ഭീഷണിയെ തുടര്‍ന്ന് കുറച്ചുകാലം മകള്‍ സ്‌കൂളിലോ, ഭാര്യ വീടിന് പുറത്തോ പോവാറില്ലായിരുന്നു. അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ ചഞ്ചല്‍മിശ്രയും സമാനമായ ഭീഷണിയാണു നേരിട്ടത്. കേസില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായില്ല. അന്വേഷണം കൂറച്ച് നീണ്ടുപോയത് കേസ് സങ്കീര്‍ണമായിരുന്നതിനാലാണെന്നും ലംബ പറഞ്ഞു.
അതേസമയം ആശാറാം ബാപ്പു കുറ്റവിമുക്തനാവുമെന്നു ഗുജറാത്ത് മുന്‍ പോലിസ് ഓഫിസര്‍ ഡി ജി വന്‍സാര പറഞ്ഞു. ആശാറാമിന്റെ പ്രഖ്യാപിത അനുയായിയാണ് ഇദ്ദേഹം. കേസിലെ പ്രഥമ വിവര റിപോര്‍ട്ടും കുറ്റപത്രവും തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം കേസ് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും കേസ്‌വിസ്താരത്തിനിടെ എവിടെയും ബലാല്‍സംഗം നടത്തിയതായി ഇരയായ കുട്ടി സമ്മതിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.
ശരീരത്തില്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. ഇതു മാത്രം മതി ബാപ്പുജിയെ കുറ്റവിമുക്തനാക്കാന്‍ എന്നും ഡി ജി വന്‍സാര പറഞ്ഞു. ആശാറാം ബലാല്‍സംഗം ചെയ്യില്ലെന്നും സനാതന ധര്‍മത്തിന്റെ സംരക്ഷകനാണെന്നും വന്‍സാര കൂട്ടിച്ചേര്‍ത്തു. കൊലക്കുറ്റത്തിന് ഒമ്പതുവര്‍ഷം തടവുശിക്ഷ ലഭിച്ചയാളാണ് വന്‍സാര.
Next Story

RELATED STORIES

Share it