പോലിസില്‍ അവിശ്വാസം; പ്രതികളെ തള്ളാതെ സിപിഎം

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ പ്രതികളായ രണ്ടു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടും മുഖ്യപ്രതിയെ തള്ളാതെയും പോലിസിനെ അവിശ്വസിച്ചും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്ത്. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തില്‍ പാര്‍ട്ടിക്ക് പൂര്‍ണ വിശ്വാസമില്ലെന്നു ജില്ലാ സെക്രട്ടറി പരോക്ഷമായി സൂചിപ്പിച്ചു.
പിടിയിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം പറയാതിരുന്ന ജയരാജന്‍, അന്വേഷണ ഏജന്‍സികളെ കുറിച്ച് വ്യക്തമായ ധാരണകളുണ്ടെന്നും പോലിസ് അന്വേഷണത്തെക്കാള്‍ വിശ്വാസം പാര്‍ട്ടി അന്വേഷണമാണെന്നും തുറന്നടിച്ചു. പോലിസാണ് യഥാര്‍ഥ പ്രതികളാണോയെന്നു പറയേണ്ടതെന്നും ഏതെങ്കിലും പാര്‍ട്ടി അംഗത്തിനു ബന്ധമുണ്ടോയെന്നു പരിശോധിക്കുമെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. കൊലപാതകം നടന്നതു മുതല്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്ന് ആവര്‍ത്തിച്ച സിപിഎം നേതൃത്വം 10 ദിവസം പിന്നിടുമ്പോഴും പ്രതികളെ സംരക്ഷിക്കുമെന്ന ധ്വനിയാണു നല്‍കുന്നത്.
പിടികൂടിയത് നിരപരാധിയെയാണെന്നും പോലിസ് ശല്യം ചെയ്തതിനാല്‍ ഹാജരായതാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദത്തിനൊപ്പം തന്നെയാണ് ഇപ്പോഴും ജില്ലാ നേതൃത്വം. മാത്രമല്ല, മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയാണെന്നു പി ജയരാജന്‍ തുറന്നുപറയുകയും ചെയ്തത് വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല. ശുഹൈബ് വധമടക്കം രണ്ടു കൊലക്കേസ് ഉള്‍പ്പെടെ 13 രാഷ്ട്രീയ അക്രമക്കേസുകളുള്ള ആകാശ് തില്ലങ്കേരി സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു പി ജയരാജന്റെ മറുപടി.
ആകാശ് തില്ലങ്കേരി പി ജയരാജനും പിണറായി വിജയനുമൊപ്പം നില്‍ക്കുന്ന ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍, ഉമ്മന്‍ചാണ്ടിക്കൊപ്പം താന്‍ നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോയുണ്ടെന്നും ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി ബന്ധമുണ്ടെന്നു കരുതി തനിക്ക് ബന്ധമില്ലെന്നും പരിഹസിച്ചു. ഏതായാലും ശുഹൈബ് വധക്കേസില്‍ പ്രാദേശിക നേതൃത്വത്തിലേക്ക് അന്വേഷണം നീളുന്നതോടെ ഇപ്പോള്‍ പിടിയിലായ പ്രതികളെയും സംരക്ഷിക്കേണ്ടി വരുമെന്ന നിഗമനത്തില്‍ സിപിഎം നിലപാട് മാറ്റുകയാണെന്ന സംശയം ബലപ്പെടുകയാണ്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്വീകരിച്ച നിലപാട് തന്നെയാവും ശുഹൈബ് വധക്കേസിലും സ്വീകരിക്കുക. കഴിയാവുന്ന പ്രതികളെയെല്ലാം നിരപരാധികളാണെന്നു പ്രചരിപ്പിച്ച് നിയമസഹായം നല്‍കുകയും ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മാത്രം മുഖം രക്ഷിക്കാന്‍ നടപടിയെടുക്കുകയെന്ന തന്ത്രമാവും സ്വീകരിക്കുക.
Next Story

RELATED STORIES

Share it