പോലിസിലെ രാഷ്ട്രീയ അതിപ്രസരംസേനയുടെ വിശ്വാസ്യത തകര്‍ക്കും: ഐബി റിപോര്‍ട്ട്

തിരുവനന്തപുരം: പോലിസ് സേനയിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരേ മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപോര്‍ട്ട്. മുമ്പെങ്ങും ഇല്ലാത്തവിധം സേനയില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന റിപോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളിലെ ചട്ടലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്ന ഗൗരവമേറിയ റിപോര്‍ട്ടില്‍ പോലിസില്‍ രാഷ്ട്രീയം വര്‍ധിക്കുന്നത് സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.
അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളില്‍ രക്തസാക്ഷി മുദ്രവാക്യം മുഴക്കിയത് ഗൗരവമായി കാണണം. എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളില്‍ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളികളും നടന്നിരുന്നു. അസോസിയേഷന്‍ ബൈലോയിലെ തീരുമാനങ്ങള്‍ മറികടന്ന് ലോഗോയുടെ നിറത്തിലും മാറ്റം വരുത്തി. ഇതെല്ലാം ചട്ടലംഘനമാണെന്നും ഒഴിവാക്കേണ്ടതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അസോസിയേഷനു വേണ്ടി ഉദ്യോഗസ്ഥര്‍ രക്തസാക്ഷിത്വം വരിക്കുന്നില്ല. സമ്മേളനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കു നേരെ മോശം പരാമര്‍ശം നടത്തുന്നതും അച്ചടക്കമുള്ള സേനയ്ക്ക് ചേര്‍ന്ന കീഴ്‌വഴക്കമല്ല. പൊതുജനങ്ങളുടെ സേവനത്തിനായി നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തുന്നത് ഗൗരവമായി കാണണം. സേനയിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ കര്‍ശന നടപടിയുണ്ടാവണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലിസ് അസോസിയേഷന്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണം. മാത്രമല്ല, പോലിസ് അസോസിയേഷനിലെ പല കാര്യങ്ങളും ചട്ടവിരുദ്ധമായാണ് നടക്കുന്നത്. ഓരോ കാലത്തും അസോസിയേഷന്‍ ഓരോ രീതിയിലാണ് പെരുമാറുന്നതെന്നും റിപോര്‍ട്ടിലുണ്ട്. ഇതാദ്യമായാണ് അസോസിയേഷന്‍ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്ക് റിപോര്‍ട്ട് നല്‍കുന്നത്.
അസോസിയേഷന്‍ സമ്മേളനത്തിലെ ചട്ടലംഘനങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് വിഷയം  ഇന്റലിജന്‍സ് പരിശോധിച്ചത്. അതേസമയം, രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്റലിജന്‍സ് നല്‍കിയതായി വിവരങ്ങളില്ല. ഇത്തരം സംഭവങ്ങളില്‍ തുടക്കത്തിലേ നടപടിയെടുത്താല്‍ മാത്രമെ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കൂവെന്ന മുന്നറിയിപ്പ് റിപോര്‍ട്ടിലുണ്ട്. വിഷയത്തില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്നാണ് റിപോര്‍ട്ടിലുള്ളത്. റിപോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നാണ് ഡിജിപിയുടെ പ്രതികരണം.
അതേസമയം, രക്തസാക്ഷി അനുസ്മരണത്തില്‍ മാറ്റമില്ലെന്നും പതിവുപോലെ നടക്കുമെന്നും പോലിസ് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്നു കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണം നടക്കുമെന്നും നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദേശം കിട്ടിയിട്ടില്ലെന്നും പോലിസ് അസോസിയേഷന്‍ പറഞ്ഞു. പോലിസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടോയെന്ന് അറിയില്ലെന്നും അസോ. സെക്രട്ടറി പി ജി അനില്‍കുമാര്‍ വ്യക്തമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it