kozhikode local

പോലിസിലെ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍: റഹീം എംഎല്‍എ

കോഴിക്കോട്: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പോലിസില്‍ ചിലരുടെ പ്രവൃത്തികളെന്ന് പി ടി എ റഹീം എംഎല്‍എ. എതാനും പോലിസുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ പോലിസ് സേനക്കാകെ ദോഷം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ (കെപിഎ) കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം.
നവമാധ്യമങ്ങളില്‍ പലപ്പോഴും വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ പോലിസിന് കഴിയണം. ജനമൈത്രി പദ്ധതിയുള്‍പ്പെടെയുള്ളവ നടപ്പാക്കിയതിലൂടെ പോലിസ് ഒരുപാട്  മാറിയിട്ടുണ്ട്. ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യം എല്ലാ പോലിസ് സ്‌റ്റേഷനിലും അത്യാവശ്യമാണ്.
മോശം സാഹചര്യത്തില്‍ ജോലി ചെയ്യുമ്പോള്‍ സ്വാഭാവികമായും പോലിസുകാരുടെ പെരുമാറ്റത്തെയും അത് ബാധിക്കുമെന്ന് റഹീം പറഞ്ഞു.
സിറ്റി പോലീസ് കമ്മിഷണര്‍ എസ് കാളിരാജ് മഹേഷ്‌കുമാര്‍ പ്രഭാഷണം നടത്തി. പോലിസില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ഉന്നതവിദ്യാഭ്യാസമുള്ളവരാണു സേവനമനുഷ്ഠിക്കുന്നത്. അതിനൊത്ത സമീപനമാണ് പൊതുജനങ്ങളോട് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെപിഎ ജില്ലാ പ്രസിഡന്റ് വി പി പവിത്രന്‍ അധ്യക്ഷത വഹിച്ചു. കെപിഎ ജില്ലാ സെക്രട്ടറി ജി എസ് ശ്രീജിഷ്, വി പി രാജേഷ്, ട്രാഫിക് സിഐ ടി പി ശ്രീജിത്ത്, കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ വിവേകാനന്ദന്‍, സണ്ണി ജോസഫ്, പ്രേമന്‍ മുചുകുന്ന്, ടി എസ്. ബൈജു, എം ജി രാജീവ്, ഇ രജീഷ്, എ അന്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it