Flash News

പോലിസിന്റെ വാഹനപൂജ: ഡിജിപി റിപോര്‍ട്ട് തേടി

കോഴിക്കോട്: വിഘ്‌നങ്ങളും ദോഷങ്ങളും തീര്‍ക്കാന്‍ പുതിയ പോലിസ് വാഹനത്തിന് കോഴിക്കോട് സിറ്റി പോലിസിന്റെ വക വാഹന പൂജ. നഗരത്തിലെ തളി ക്ഷേത്രത്തിലാണ് ഔദ്യോഗികവേഷത്തിലെത്തി പോലിസ് വാഹന പൂജ നടത്തിയത്. കോഴിക്കോട് സിറ്റി പോലിസ് കണ്‍ട്രോള്‍റൂമിന് ഔദ്യോഗിക ആവശ്യത്തിന് അനുവദിച്ച അഞ്ച് പുതിയ എസി വാഹനങ്ങളിലൊന്നാണ് ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചത്. സംഭവം വിവാദമായതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയും സിറ്റി പോലിസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് സിറ്റി പോലിസില്‍ വിവാദമായ പൂജ നടന്നത്. ആഭ്യന്തരവകുപ്പ് പോലിസ് കണ്‍ട്രോള്‍റൂമുകളിലേക്ക് പുതിയ വാഹനങ്ങള്‍ അനുവദിച്ചിരുന്നു. ഇതില്‍ കോഴിക്കോട് സിറ്റിയിലേക്ക് അനുവദിച്ച വാഹനങ്ങളിലൊന്നായ കെ എല്‍ 01 സി എഫ് 2529 നമ്പറിലുള്ള വണ്ടിയാണ് ഡ്രൈവര്‍ തളി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചത്. വാഹനം കണ്‍ട്രോള്‍റൂമില്‍ എത്തിയതിനു തൊട്ടടുത്ത ദിവസമായിരുന്നു പൂജ. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരി വാഹനം പൂജിക്കുന്നതുള്‍പ്പെടെയുള്ള ഫോട്ടോകള്‍ കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിച്ചു. ഇതോടെ സംഭവം വിവാദമാവുകയും അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ഉത്തരവിടുകയുമായിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ അന്വേഷണ റിപോര്‍ട്ടാണ് സിറ്റി പോലിസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. തൃശൂരില്‍ പോലിസ് വാഹനം പൂജിച്ചതിന്റെ ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ പൂജയും പുറത്തുവന്നത്. പോലിസില്‍ പ്രത്യക്ഷത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാടില്ലെന്നിരിക്കെ യൂനിഫോമില്‍ ഔദ്യോഗിക വാഹനം പൂജക്കായി കൊണ്ടുപോയതിനെതിരേ സേനയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണവിഭാഗം മേധാവിയും ഇതുസംബന്ധിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ടില്‍ പോലിസുകാരന് വീഴ്ചപറ്റിയതായി പരാമര്‍ശിക്കുന്നില്ലെന്നാണു സൂചന. പുതിയ വാഹനം നിരത്തിലിറക്കും മുമ്പ് ചിലര്‍ പൂജിക്കാറുണ്ട്. ഇത്തരത്തില്‍ ക്ഷേത്രത്തില്‍ വാഹനം പൂജിച്ചെന്നാണ് റിപോര്‍ട്ട്. ഇതരസംസ്ഥാനക്കാരായ ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ പൂജയ്ക്കും മറ്റും ഒത്താശചെയ്യുന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ മതചിഹ്നങ്ങള്‍ പരസ്യമായി കൈത്തണ്ടയില്‍ ധരിക്കുന്നെന്ന പരാതിയും വ്യാപകമാണ്.
Next Story

RELATED STORIES

Share it