thiruvananthapuram local

പോലിസിന്റെ അടിയേറ്റ് ദലിത് യുവാവിന്റെ കേള്‍വി നഷ്ടപ്പെട്ടെന്ന്

പാറശാല: പോലിസ് മര്‍ദ്ദനത്തില്‍ ദലിത് യുവാവിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടതായി പരാതി. ചെങ്കല്‍, ആറയൂര്‍ മണ്ണാറവിള ആര്‍എസ് ഭവനില്‍ റെജിയുടെ (43) കേള്‍വി ശക്തിയാണ് പൂവാര്‍ സിഐയുടെയും സംഘത്തിന്റെയും മര്‍ദ്ദനത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടതായി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
റെജിയോടൊപ്പം മര്‍ദ്ദനമേറ്റ മണ്ണാറവിള വീട്ടില്‍ ഗമാലി (62), അയിര കമ്പറവിള വീട്ടില്‍ രാജപ്പന്‍ എന്നിവര്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. റെജിയുടെ ഇടതു ചെവിയുടെ കേള്‍വിയാണ് നഷ്ടപ്പെട്ടത്. 2015ല്‍ ഇവര്‍ക്കെതിരേ പൊഴിയൂര്‍ പോലിസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് അന്വേഷിച്ച പാറശാല സിഐ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഴയ കേസിന്റെ വാദിഭാഗം പൂവാര്‍ സിഐയെ  സ്വാധീനിച്ച് മൂന്നുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് പരാതി. സിഐയുടെ അധികാര പരിധിക്കു പുറത്തുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിരമിച്ച പോലിസുകാരനായ മോഹനനാണ് തങ്ങളെ സ്‌റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയതെന്നും ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ് തളന്ന് വീണ മൂന്ന് പേരെയും നാട്ടുകാര്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും അവിടെ എടുക്കാത്തതിനാല്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലിസ് നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it