Cricket

പോലിസിനൊപ്പം കോഹ്‌ലിയുംപറഞ്ഞു 'നോ ടു ഡ്രഗ്‌സ്'

പോലിസിനൊപ്പം കോഹ്‌ലിയുംപറഞ്ഞു നോ ടു ഡ്രഗ്‌സ്
X


തിരുവനന്തപുരം: ലഹരിവേണ്ട ക്രിക്കറ്റ് മതിയെന്ന കേരള പോലീസിന്റെ വാക്കുകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ കൈയ്യടി. 'യെസ് ടു ക്രിക്കറ്റ്,  നോ ടു ഡ്രഗ്‌സ്' എന്ന പോലിസിന്റെ ലഹരിവിരുദ്ധ കാംപയിനില്‍ പങ്കെടുക്കാനെത്തിയ കോഹ്‌ലിയുടെ വാക്കുകള്‍ ആവേശത്തോടെ ഏറ്റെടുത്ത് യുവാക്കളും വിദ്യാര്‍ഥികളും അത് ഏറ്റു പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് കാംപയിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കാംപയിന്‍ ഉദ്ഘാടനെ ചെയ്തത്. യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന കാംപയിനില്‍ ക്രിക്കറ്റ് നായകന്‍ എത്തിയതോടെ ആവേശത്തുടക്കമായി. വിദ്യാര്‍ഥികളും യുവാക്കളും അടങ്ങുന്ന ആര്‍ത്തിരമ്പുന്ന ഗാലറിയെ സാക്ഷി നിര്‍ത്തിയാണ് പദ്ധതിക്ക് തുടക്കമായത്. ലഹരി വിരുദ്ധ പ്രതിജ്ഞ കോഹ്‌ലി ചൊല്ലിക്കൊടുത്തപ്പോള്‍ ആവേശത്തോടെ യുവതലമുറ അത് ഏറ്റുചൊല്ലി. ജീവിതത്തില്‍ നിന്ന് ലഹരിയെ അകറ്റി നിറുത്തണമെന്ന അഭ്യര്‍ഥനയും കോഹ്‌ലി നടത്തി. ഇന്ത്യന്‍ ടീം അംഗങ്ങളായ ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരും എത്തിയിരുന്നു. തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക തപാല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു.മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനത്തെ ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫുട്ബാള്‍ താരം ഐഎം വിജയന്‍ ദീപം തെളിയിച്ചു. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും സ്‌പോര്‍ട്‌സിലേക്ക് കൊണ്ടുവന്ന് ലഹരികളില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് പരിപാടിയിലൂടെ കേരളാ പോലിസ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it