പോര്‍ബന്ദറില്‍ ബിജെപിയെ പോര്‍വിളിച്ച് മേര്‍സുകള്‍

പോര്‍ബന്ദര്‍: പട്ടേലര്‍ക്കും ദലിതുകള്‍ക്കുമൊപ്പം പോര്‍ബന്ദറില്‍ ജില്ലയിലെ 30 ശതമാനം വരുന്ന മല്‍സ്യത്തൊഴിലാളികളായ മേര്‍സുകള്‍ ഇത്തവണ ബിജെപിയുമായി അകല്‍ച്ചയിലാണ്. പാകിസ്താനുമായി കടലതിര്‍ത്തിയുള്ള ജില്ലയില്‍ പാകിസ്താന്‍ തന്നെയാണ് അവരുടെ പ്രശ്‌നവും. കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താന്‍ പിടിച്ചുവച്ച ഇന്ത്യക്കാരുടെ 1010 മല്‍സ്യബന്ധന ബോട്ടുകളില്‍ ഭൂരിഭാഗവും പോര്‍ബന്ദറുകാരുടേയാണ്. ഇതു തിരിച്ചുകിട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് മേര്‍സ് വിഭാഗക്കാരുടെ പരാതി.
മഹാത്മാഗാന്ധിയുടെ ജന്‍മനാടായ പോര്‍ബന്ദറില്‍ അത്ര അഹിംസാപരമല്ല കാര്യങ്ങള്‍. തെരുവുകളില്‍ അധോലോക സംഘങ്ങളുടെ ഗ്യാങ് യുദ്ധങ്ങളും വെടിവയ്പുകളും പതിവാണ്. ചുണ്ണാമ്പു ഖനന മേഖലയിലെ ആധിപത്യമാണ് പ്രശ്‌നം. തെരുവുയുദ്ധത്തില്‍ അല്‍പകാലമായി ചെറിയൊരു കുറവുണ്ടായിട്ടുണ്ടെങ്കിലും മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കായിട്ടില്ല.
1.41 ലക്ഷമാണ് മേര്‍സുകളുടെ ജില്ലയിലെ ജനസംഖ്യ. ജനസംഖ്യയുടെ 30 ശതമാനം. കര്‍ഷകര്‍, ഖനനത്തൊഴിലാളികള്‍ എന്നിവര്‍ക്കൊപ്പം 70,000 മല്‍സ്യത്തൊഴിലാളികള്‍ ഇവിടെയുണ്ട്. 5000 രജിസ്‌ട്രേഡ് മല്‍സ്യബന്ധന ബോട്ടുകളും. അതിര്‍ത്തി ലംഘിച്ച കുറ്റത്തിന് പാകിസ്താന്‍ പിടിച്ചെടുത്ത  ബോട്ടുകള്‍ക്കു പുറമെ 500 മല്‍സ്യത്തൊഴിലാളികളും പാക് ജയിലിലാണ്. സര്‍ക്കാരിനോട് പറഞ്ഞിട്ട് ഫലമില്ലാതിരുന്ന ഇവരുടെ ബന്ധുക്കള്‍ ഇപ്പോള്‍ സഹായാഭ്യര്‍ഥനയുമായി കോണ്‍ഗ്രസ്സിനെയും രാഹുല്‍ ഗാന്ധിയെയുമാണു സമീപിച്ചിരിക്കുന്നത്. പാകിസ്താന്‍ മാത്രമല്ല മല്‍സ്യബന്ധന തൊഴിലാളികളുടെ പ്രശ്‌നം. കസ്റ്റംസിന് നല്‍കേണ്ട ചിനി മിനി എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന കൈക്കൂലി വേറെയുണ്ട്. ഇതിനെതിരേ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ബിജെപിയുടെ ബാബു ബോക്കിറിയയാണ് നിലവില്‍ എംഎല്‍എ. 1998 മുതല്‍ ബോക്കിറിയയും കോണ്‍ഗ്രസ്സിന്റെ അര്‍ജുന്‍ മോദ് വാദിയയും രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുപേരും മേര്‍സുകളാണ്. എന്നിട്ടും ഇതൊന്നും തടയാനായില്ല.
പ്രധാനമന്ത്രിയുടെ അഴിമതിരഹിത ഇന്ത്യയെന്ന വാദം ഇവിടെയില്ലെന്ന് 40 വര്‍ഷമായി മല്‍സ്യക്കയറ്റുമതി വ്യവസായി നാര്‍സിന്‍ഹ് ലോധാരി പറയുന്നു. കപ്പല്‍ച്ചാലിന് ആഴം കൂട്ടുന്നത് നാലു വര്‍ഷം മുമ്പ് നിര്‍ത്തിവച്ചതാണ് മറ്റൊരു പ്രശ്‌നം. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ആഴം കൂട്ടല്‍ നടത്തണമെന്ന് നിരന്തര ആവശ്യമുന്നയിച്ചെങ്കിലും നടന്നില്ല. തുറമുഖം  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നാണ് ബാബു ബോക്കിറിയ ഇത്തവണ മുന്നോട്ടുവയ്ക്കുന്നത്. പോര്‍ബന്ദറിനെ രാജ്യത്തെ 61 മിഷന്‍ സിറ്റികളില്‍ ഉള്‍പ്പെടുത്തിയത് തന്റെ ശ്രമഫലമാണെന്നും അതിന്റെ ഭാഗമായുള്ള വികസനം തുടരാന്‍ അനുവദിക്കണമെന്ന് അര്‍ജുന്‍ മോദ്‌വാദിയയും പറയുന്നു. ഇത്തവണ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Next Story

RELATED STORIES

Share it