Flash News

പോര്‍ച്ചുഗലിന്റെ സ്വന്തം യൂസ്ബിയോ

പോര്‍ച്ചുഗലിന്റെ സ്വന്തം യൂസ്ബിയോ
X



ലോകകപ്പ് മല്‍സരങ്ങളില്‍ ലോകം കീഴടക്കി ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയ മറ്റൊരു താരമാണ് എന്നും ഗോള്‍വേട്ടക്കാരനെന്ന മുദ്രയിലൂടെ പോര്‍ചുഗലിന് മൂന്നാം സ്ഥാനം സമ്മാനിച്ച യൂസ്ബിയോ എന്ന സ്‌ട്രൈക്കര്‍.
ആദ്യ കാല ലോകകപ്പുകളിലൊന്നും അത്ര തിളങ്ങാതെ പോയ പോര്‍ച്ചുഗല്‍ അതിന്റെ ആര്‍ജ്ജവ ഘട്ടത്തെത്തിയത് ഇക്കാലയളവിലായിരുന്നു.1930 മുതല്‍ ലോക ഫുട്‌ബോളിനെ അടക്കി വാണ ലോകകപ്പില്‍ വെറും ഏഴ് തവണ മാത്രമാണ് പോര്‍ച്ചുഗീസ് പട പങ്കെടുത്തത്. 1966ലെ മൂന്നാം സ്ഥാനമാണ് അവര്‍ക്ക് ശിരസ്സുയര്‍ത്തി ലോകത്തോട് വിളിച്ചുപറയാനുള്ള നേട്ടം. എന്നാല്‍ ഈ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ചരടുവലിച്ച കാല്‍പന്ത് തോഴനായ യൂസ്ബിയോയാണ് ലോകകപ്പ് ഫുട്‌ബോളിലെ സുവര്‍ണ പാദുകത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മറ്റൊരു താരം. 1966ല്‍ പോര്‍ച്ചുഗലിന് നിര്‍ണായകമായ മൂന്നാം സ്ഥാനത്തിന് വഴിതെളിച്ചതും കറുത്ത പുള്ളിപ്പുലി, കറുത്ത മുത്ത് എന്നൊക്കെ വിളിപ്പേരുള്ള യൂസ്ബിയോയായിരുന്നു. 1966ന് മുമ്പും 1966ന് ശേഷം 1986 വരെയും ലോകകപ്പിന് യോഗ്യത പോലും നേടാന്‍ കഴിയാതിരുന്ന പോര്‍ച്ചുഗലാണ് 1966ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനവുമായി നാട്ടിലേക്ക് തിരിച്ചെത് എന്നോര്‍ക്കണം. ആ മൂന്നാം സ്ഥാനത്തിന് പോര്‍ച്ചുഗല്‍ ജനതയുടെ സ്‌നേഹാദരങ്ങളും പ്രോല്‍സാഹനങ്ങളും യൂസ്ബിയോയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ഗോളുകള്‍ സ്വന്തമാക്കിയായിരുന്നു യൂസ്ബിയോ പോര്‍ച്ചുഗലിന്റെ വരവറിയിച്ചത്. ഉദ്ഘാടനമല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഹംഗറിക്കെതിരേ 3-1ന് വിജയിച്ചപ്പോള്‍ ഗോളടിക്കാന്‍ മറന്നുപോയ യൂസ്ബിയോ ബള്‍ഗേറിയക്കെതിരായ അടുത്ത മല്‍സരത്തില്‍ ഒരു ഗോള്‍ നേടിപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വെന്നിക്കൊടി നാട്ടി. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലിനെ പോര്‍ച്ചുഗല്‍ നേരിട്ടപ്പോള്‍ മല്‍സരത്തില്‍ ബ്രസീല്‍ പ്രതിരോധക്കോട്ട തകര്‍ത്ത് യൂസ്ബിയോ രണ്ട് ഗോളുകള്‍ വലയില്‍ നിക്ഷേപിച്ചതോടെ നാട്ടിലെങ്ങും ആവേശരാവുകള്‍ ഉടലെടുത്തു. ഈ മല്‍സരത്തിലും വിജയം തുടര്‍ന്ന പോര്‍ചുഗല്‍ ബ്രസീലിനെ 3-1ന് കീഴടക്കി കന്നി ലോകകപ്പ് പ്രവേശനത്തില്‍ തന്നെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.
ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയെ നേരിട്ട പോര്‍ചുഗലിന് വേണ്ടി നാല് ഗോളുകള്‍ കണ്ടെത്തിയാണ് യൂസ്ബിയോ വീണ്ടും പോര്‍ചുഗലിന്റെ ഗോള്‍ മെഷീനായത്. ആദ്യ പകുതിയില്‍ 2-3ന് പിന്നിട്ട ശേഷം രണ്ടാം പകുതിയില്‍ യൂസ്ബിയോയുടെ കാലുകള്‍ രണ്ട് തവണ ലക്ഷ്യം കണ്ടതോടെ പോര്‍ച്ചുഗല്‍ വന്‍അട്ടിമറി പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചതു പോലെ യൂസ്ബിയോ മാന്ത്രികത്തില്‍ തളര്‍ന്ന ഉത്തര കൊറിയ 3-5ന് അടിയറവ് പറഞ്ഞതോടെ പോര്‍ചുഗല്‍ സെമിയിലേക്ക് കുതിച്ചു. ഇത്രയും ഗോളുകള്‍ പിറന്ന മല്‍സരം ആ ലോകകപ്പില്‍ വേറെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ സെമിയിലും യൂസ്ബിയോയുടെ കാലില്‍ നിന്ന് ഏക ഗോള്‍ പിറന്നെങ്കിലും പോര്‍ച്ചുഗലിന് ഫൈലിലേക്ക് മുന്നേറാന്‍ യൂസ്ബിയോയുടെ ഫോം മാത്രം മതിയായില്ല. ഒടുവില്‍ 1-2ന്റെ തോല്‍വിയുമായി പോര്‍ച്ചുഗലിന്റെ പ്രതീക്ഷയ്ക്ക് മങ്ങല്‍ വീണു. പക്ഷേ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തില്‍ പഴയ സോവിയറ്റ് യൂണിയനോട് ഏറ്റുമുട്ടിയ പോര്‍ച്ചുഗലിന് വേണ്ടി ഒരു ഗോളടിച്ച് യൂസ്ബിയോ വീണ്ടും രക്ഷകനായപ്പോള്‍ 2-1ന്റെ ജയവുമായി കന്നി പ്രഥമ ലോകകപ്പ് മല്‍സരത്തില്‍ മൂന്നാം സ്ഥാനക്കാരെന്ന ഖ്യാതിയോടെ പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട് വിട്ടു. ഒടുവില്‍ ഫുട്‌ബോളിന്റെ സമാപന പ്രഖ്യാപനത്തിനിടെ ഒമ്പത് ഗോളുകള്‍ നേടിയതിന്റെ ആദരസൂചകമായി അന്നത്തെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം യൂസ്ബിയോയെ തേടിയെത്തി. ഒരു രാജ്യത്തെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ലോക നെറുകയിലെത്തിച്ച യൂസ്ബിയോ എന്ന ഇതാഹാസ സ്‌ട്രൈക്കറിനെ ലോക സുവര്‍ണ പാദുകങ്ങളിലെ അഞ്ചിലൊരാളായി നിയോഗിക്കാന്‍ ഇനി വേറെന്ത് വിലയിരുത്തലാണ് ആവശ്യം. അന്നത്തെ യൂസ്ബിയോ പോരാട്ടമാണ് പിന്നീട് റൊണാള്‍ഡോയെ പോലുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങളെ വാര്‍ത്തെടുക്കാന്‍ പോര്‍ച്ചുഗല്‍ രാജ്യത്തെ പ്രേരിപ്പിച്ചത്. 1965ല്‍ ലോകം താരത്തെ ബാലണ്‍ ദി യോര്‍ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ 1962ലും 66ലും താരത്തിന് തലനാരിഴയ്ക്കാണ് ഈ ബഹുമതി നഷ്്ടപ്പെട്ടത്.
തന്റെ ഫുട്‌ബോള്‍ കരിയറില്‍ 745 ല്‍സരങ്ങളില്‍ ബൂട്ട് കെട്ടിയ യൂസ്ബിയോ 733 ഗോളുകളാണ് അടിച്ചെടുത്തത്. ഇതില്‍ പോര്‍ച്ചുഗലിനായി 64 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 41 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.  പുലിയുടെ വേഗതയും തന്ത്ര രീതിയും ഘോരമായ വലതു കാല്‍ ഷോട്ടുമാണ് താരത്തെ ലോക ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് മാറ്റി നിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ശ്രദ്ധിക്കാതെ പോയ താരങ്ങളില്‍ ഇന്നും ഒരു ചോദ്യ ചിഹ്നമായി യൂസ്ബിയോ നിലനില്‍ക്കുന്നു.
Next Story

RELATED STORIES

Share it