Flash News

പോരാട്ടം വിഭാഗീയ ശക്തികള്‍ക്ക് എതിരേ : മാക്രോണ്‍



പാരീസ്: ഫ്രാന്‍സിനെ ക്ഷയിപ്പിക്കുന്ന വിഭാഗീയ ശക്തികളെ ചെറുത്തു തോല്‍പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവേല്‍ മാക്രോണ്‍. തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാക്രോണ്‍. തീവ്രവാദ നിലപാട് പുലര്‍ത്തുന്നയാള്‍ക്ക് വോട്ട് ചെയ്യേണ്ട അവസ്ഥ ഇനി ഫ്രാന്‍സില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.  ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിതവാദി പാര്‍ട്ടിയായ  എന്‍ മാര്‍ഷെ സ്ഥാനാര്‍ഥിയായ ഇമ്മാനുവേല്‍ മാക്രോണ്‍ 65.1 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്്. തീവ്ര വലുതുപക്ഷക്കാരിയായ എതിര്‍ സ്ഥാനാര്‍ഥി മറീന്‍ ലെ പാനിന് 33.9 ശതമാനം വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. ഫ്രഞ്ച് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണെന്ന് മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സിനെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് അടര്‍ത്തിമാറ്റണമെന്ന് ശക്തമായി വാദിച്ചിരുന്ന ലെ പാനിനെതിരേ മാക്രോണ്‍ നേടിയ വിജയം യൂറോപ്യന്‍ യൂനിയന് ആശ്വാസം പകര്‍ന്നു.  നേതാക്കള്‍ മാക്രോണിന്റെ വിജയത്തെ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പിനെ യുറോപ്പ് ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്. മാക്രോണിന്റെ വിജയം യൂറോപ്യന്‍ യൂനിയനെ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനുമുള്ള വിജയമാണെന്ന്് ജര്‍മന്‍ പ്രസിഡന്റ് ആന്‍ഗല മെര്‍ക്കലിന്റെ വക്താവ് സ്റ്റീഫന്‍ സീബെര്‍ട്ട് അറിയിച്ചു. ഫ്രാന്‍സ് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും തിരഞ്ഞെടുത്തുവെന്നായിരുന്നു ഇയു കൗണ്‍സില്‍ പ്രസിഡന്റ്് ഡോണള്‍ഡ് ടസ്‌കിന്റെ പ്രതികരണം. തങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വിശ്വാസവോട്ട് നേടിയതായി ഇയു പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി പറഞ്ഞു.   നേരത്തേ ലെ പാനിനെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രീട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ മാക്രോണിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും അക്രമങ്ങള്‍ക്കെതിരേ ഒന്നിച്ചു പോരാടണമെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മാക്രോണിനോട് ആവശ്യപ്പെട്ടു. നിരവധി വെല്ലുവിളികള്‍ മാക്രോണിനെ കാത്തിരിക്കുന്നുണ്ട്. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്  പ്രധാന വെല്ലുവിളി. പാര്‍ലമെന്റില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാനും സാധിക്കും.    മാക്രോണിനെ അഭിനന്ദിച്ച  പ്രസിഡന്റ് ഫ്രാന്‍സോ ഹോളാന്‍ദെ നിയുക്ത പ്രസിഡന്റ് ഞായറാഴ്ച്ച അധികാരമേല്‍ക്കുമെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it