Cricket

പോരാടിത്തളര്‍ന്ന് ശ്രീലങ്ക

പോരാടിത്തളര്‍ന്ന് ശ്രീലങ്ക
X



ന്യൂഡല്‍ഹി: ഏയ്ഞ്ചലോ മാത്യൂസും ദിനേഷ് ചണ്ഡിമാലും സെഞ്ച്വറിയോടെ പ്രതിരോധം തീര്‍ത്തപ്പോള്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് ആശ്വാസ സ്‌കോര്‍. ഇന്ത്യ ഉയര്‍ത്തിയ 536 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റിന് 356 എന്ന നിലയിലാണുള്ളത്. ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 180 റണ്‍സിന് പിന്നിലാണ് ശ്രീലങ്ക. മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ശക്തമായ കൂട്ടുകെട്ടാണ് മാത്യൂസും (111) ചണ്ഡിമാലും (147*) ചേര്‍ന്ന്് സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമയെ നന്നായി പരീക്ഷിച്ച് ഇരുവരും ബാറ്റുവീശിയതോടെ ശ്രീലങ്കന്‍ ക്യാംപില്‍ പുഞ്ചിരി വിടര്‍ന്നു. മോശം പന്തുകളെ കടന്നാക്രമിച്ച് മുന്നേറിയ മാത്യൂസ് ആദ്യം സെഞ്ച്വറി തികച്ചു. 231 പന്തുകള്‍ നേരിട്ട് 13 ഫോറും രണ്ട് സിക്‌സറും പറത്തിയാണ് മാത്യൂസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മൂന്ന്  തവണ  മാത്യൂസിനെ കൈവിട്ടു കളഞ്ഞിരുന്നു. നാലാം  വിക്കറ്റില്‍  സെഞ്ച്വറിക്കൂട്ടുകെട്ടുമായി ഇരുവരും ബാറ്റുവീശവേ രവിചന്ദ്ര അശ്വിന്‍ ഇന്ത്യയുടെ രക്ഷകനായി. മുന്‍ നായകന്‍ മാത്യൂസിനെ അശ്വിന്‍ വൃധിമാന്‍ സാഹയുടെ കൈയിലെത്തിക്കുകയായിരുന്നു. 268 പന്തുകള്‍ നേരിട്ട് അവസരോചിത ഇന്നിങ്‌സ് കാഴ്ചവച്ചാണ് മാത്യൂസ് മടങ്ങിയത്. നാലാം വിക്കറ്റില്‍ 181 റണ്‍സിന്റെ കൂട്ടുകെട്ടാണ് മാത്യൂസും ചണ്ഡിമാലും ചേര്‍ന്ന് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. മാത്യൂസ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സമരവിക്രമയും (33) ഭേദപ്പെട്ട നിലയില്‍ ബാറ്റുവീശിയതോടെ ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് കരുത്തോടെ മുന്നേറി. അഞ്ചാം വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുമായി ചണ്ഡിമാലും സമരവിക്രമയും മുന്നേറവെ ഇഷാന്ത് ശര്‍മ കൂട്ടുകെട്ട് പൊളിച്ചു. 61 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകള്‍ പറത്തിയ സമരവിക്രമയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ വൃധിമാന്‍ സാഹ മടക്കുകയായിരുന്നു. അഞ്ചാമനായി സമരവിക്രമ മടങ്ങുമ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ബോര്‍ഡ് അഞ്ചിന് 317 എന്ന ഭേപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ മധ്യനിരയെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. കന്നി ടെസ്റ്റിന് അവസരം ലഭിച്ച രോഷന്‍ സില്‍വ (0) അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങി. രവിചന്ദ്ര അശ്വിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് സമ്മാനിച്ചാണ് സില്‍വ മടങ്ങിയത്. തൊട്ടുപിന്നാലെയെത്തിയ നിരോഷന്‍ ഡിക്ക്‌വെല്ലയെ (0) നിലയുറപ്പിക്കും മുമ്പേ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ചെറുത്ത് നില്‍ക്കും മുമ്പേ (5)  സുരങ്ക ലക്മാലിനെ മുഹമ്മദ് ഷമി സാഹയുടെ കൈകളിലെത്തിച്ചതോടെ എട്ട് വിക്കറ്റിന് 331 എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നു.  10ാമന്‍ ലഹിരു ഗമേഗയെ (1) രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കി. അവസാന വിക്കറ്റിന് വേണ്ടി ഇന്ത്യന്‍ ബൗളര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ചണ്ഡിമാലിന്റെ പോരാട്ടവീര്യത്തിന്റെ കരുത്തില്‍ മൂന്നാം ദിനം ഒമ്പത് വിക്കറ്റിന് 356 എന്ന നിലയില്‍ ശ്രീലങ്ക അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it