Flash News

പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
X


ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിച്ച് പ്രമുഖ ഇന്ത്യന്‍ മുസ്‌ലിം സംഘടന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനു വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അതു പരസ്യപ്പെടുത്താന്‍ തയ്യാറാവണം. അല്ലാതെയുള്ള നിരോധനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായി മാത്രമേ കാണാനാവൂ എന്ന് മുന്‍ എംപിയും ജംഇയ്യത്ത് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായ മൗലാന മഹ്മൂദ് മദനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും കഴിഞ്ഞദിവസം നിരോധനത്തെ അപലപിച്ചിരുന്നു. ഹിന്ദുത്വ സംഘടനകള്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷം പരത്തുകയും അക്രമം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പക്ഷപാത സമീപനമാണിതെന്നു ജംഇയ്യത്ത് അഭിപ്രായപ്പെട്ടു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രം ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഭീകരവാദ ആരോപണം തമാശയല്ല. ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അതിയായ ശ്രദ്ധയും സൂക്ഷ്മതയും കാണിക്കണം. ഭീകരതയ്‌ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കണം. ഇക്കാര്യത്തില്‍ പക്ഷപാതപരവും ഏതെങ്കിലും മതവിശ്വാസികളോടു പകപോക്കുന്നതുമായ നടപടികളില്‍ നിന്നു സര്‍ക്കാര്‍ വിട്ടുനില്‍ക്കണം. പ്രത്യേക മതത്തിനെതിരായ പകപോക്കല്‍ നടപടിയാണു പോപുലര്‍ ഫ്രണ്ട് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു ഗോരക്ഷകരുടെ നിരവധി അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ മൗലാന ഇതിന് പുറമെ ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിരവധി സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ഗീയവികാരം ഇളക്കിവിടുന്നതായി കാണുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ക്കെതിരേ മുഖ്യമന്ത്രി ഒരു നടപടിയുമെടുക്കുന്നില്ല. മറിച്ച്് വ്യക്തമായ തെളിവുകളൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് ഭീകര സംഘടനയായി അവതരിപ്പിക്കപ്പെടുകയാണെന്നു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it