Flash News

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ: പ്രയാണപഥത്തില്‍ പോരാട്ടങ്ങളുടെ പതിറ്റാണ്ട്



പി സി അബ്ദുല്ല

കോഴിക്കോട്: പോരാട്ട സ്മരണകളിലെ എക്കാലത്തെയും ഉള്‍പുളകം ടിപ്പുസുല്‍ത്താന്റെ സ്മരണകളിരമ്പിയ ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നിന്നു ശാക്തീകരണ വിളംബരവുമായി 2007ല്‍ പ്രയാണമാരംഭിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനം കര്‍മപഥത്തില്‍ പിന്നിടുന്നത് മുന്നേറ്റങ്ങളുടെ സംഭവബഹുലമായ പതിറ്റാണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നു സംസ്ഥാനങ്ങളുടെ അതിരുകളില്‍ നിന്നും രാജ്യത്തിന്റെ വിശാല മുഖ്യധാരയിലേക്കു വേരോടിയ അപൂര്‍വ ചരിത്രംകൂടിയാണ് പോപുലര്‍ ഫ്രണ്ടിന്റേത്. കേരളത്തിലെ നാഷനല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്), കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി (കെഎഫ്ഡി), തമിഴ്‌നാട്ടിലെ മനിത നീതി പാസറെ (എംഎന്‍പി) എന്നീ സംഘടനകള്‍ ലയിച്ചാണ് 2007 ഫെബ്രുവരി 17ന് ബംഗളൂരു എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവില്‍വന്നത്. സമാധാനത്തിന്റെയും അവകാശ പോരാട്ടത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകാത്മക നിറങ്ങള്‍ സമ്മേളിക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ മൂവര്‍ണ പതാക ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ പ്രഥമ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉയര്‍ത്തിയതോടെ വര്‍ഗീയ ഫാഷിസത്തിനെതിരായ പ്രതിരോധത്തിനും തുല്യാവകാശത്തിനായുള്ള സാമൂഹിക പോരാട്ടത്തിനുമുള്ള ചരിത്ര പ്രഖ്യാപനമാണ് നിര്‍വഹിക്കപ്പെട്ടത്. അസ്തിത്വവും അവകാശങ്ങളും നിഷേധിക്കപ്പെട്ട് കാലഗതിയുടെ പുറമ്പോക്കിലേക്കു തള്ളപ്പെട്ടുപോയ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദലിത് വിഭാഗങ്ങളുടെയും സാമൂഹിക സമത്വത്തിലേക്കുള്ള ശാക്തീകരണമാണു രൂപീകരണ വേളയില്‍ പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവച്ച പ്രഖ്യാപിത ലക്ഷ്യം. 2009 ഫെബ്രുവരിയില്‍ കോഴിക്കോട്ടു നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തോടെ പോപുലര്‍ ഫ്രണ്ടിന്റെ കര്‍മപദ്ധതികള്‍ രാജ്യവ്യാപകമായി. തുടര്‍ന്നുള്ള ഏഴു വര്‍ഷത്തിനിടെ 15 സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് ആഴത്തില്‍ വേരോട്ടമുണ്ടാക്കി. കേരളം, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് സക്രിയമായ സംഘടനാ സംവിധാനമുണ്ട്. ഇപ്പോള്‍ രാജ്യത്തെ മറ്റേതു മുഖ്യധാര സംഘടനകളോടും കിടപിടിക്കുംവിധം സംഘടനാശേഷിയും ആള്‍ബലവും കാഡറും വ്യക്തമായ ആസൂത്രണവും ആവിഷ്‌കാരശേഷിയുമുള്ള സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. കര്‍മസജ്ജരായി നിലയുറപ്പിച്ച ഒരുലക്ഷത്തോളം കാഡറുകള്‍ പോപുലര്‍ ഫ്രണ്ടിനുണ്ട്. അഞ്ചുലക്ഷത്തിലേറെയാണ് സഹകാരികളുടെ എണ്ണം. മത പ്രബോധന മേഖലകളിലെ പണ്ഡിത വ്യക്തിത്വങ്ങളും സ്ത്രീ ശാക്തീകരണത്തിനു നേതൃപരമായ പങ്കുവഹിക്കുന്നവരും കാംപസുകളെ അര്‍ഥവത്താക്കുന്ന വിദ്യാര്‍ഥി സമൂഹവും സംഘടനാ സജീവതയ്ക്കു കീഴിലുണ്ട്.2011ല്‍ ഡല്‍ഹിയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമൂഹികനീതി സമ്മേളനം നിര്‍ണായകമായ മറ്റൊരു ചുവടുവയ്പായിരുന്നു. ഒരു പതിറ്റാണ്ടിനിടയിലുള്ള പ്രവര്‍ത്തന നേട്ടങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതുകൂടിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രകൃതിദുരന്തങ്ങളില്‍ അര്‍പ്പണ ബോധത്തോടെയും സമയബന്ധിതമായും പോപുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ ഭടന്‍മാര്‍ ഇടപെടലുകള്‍ നടത്തി. രാജ്യത്തെ ഭീതിയിലാഴ്ത്തിയ ചെന്നൈ, ആന്ധ്രപ്രദേശ്, അസം പ്രളയങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഭടന്‍മാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. രക്ഷാശ്രമത്തിനിടയില്‍ ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് ചെന്നൈയില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നു. കശ്മീര്‍ ഭൂചലനത്തെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് നടത്തിയ ജീവകാരുണ്യ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റി. കശ്മീരില്‍ ഭൂരഹിതരായ നൂറുകണക്കിനു കുടുംബങ്ങള്‍ക്കു സംഘടന സൗജന്യമായി വീടുവച്ചു നല്‍കി. ദേശീയദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായ ദൗത്യങ്ങള്‍ക്കുമായി സര്‍ക്കാരുകളുമായി ചേര്‍ന്ന് സന്നദ്ധ ഭടന്‍മാരുടെ നെറ്റ്‌വര്‍ക്കുണ്ടാക്കാനുള്ള ആലോചനയിലാണ് പോപുലര്‍ ഫ്രണ്ട് നേതൃത്വം. അധസ്ഥിതരുടെ ക്ഷേമ പുനരധിവാസത്തിനായി പശ്ചിമബംഗാളിലടക്കം ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതികളും സംഘടന നടപ്പാക്കുന്നുണ്ട്. ഭരണകൂട ഭീകരതയ്ക്കും കരിനിയമങ്ങള്‍ക്കുമെതിരായ പോപുലര്‍ ഫ്രണ്ടിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇതിനകം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. യുഎപിഎ അടക്കമുള്ള ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ സാമൂഹിക മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് പോപുലര്‍ ഫ്രണ്ടാണ്. അനുദിനം അക്രമാസക്തമാവുന്ന ഭൂരിപക്ഷ വര്‍ഗീയ ഫാഷിസം തന്നെയാണു രാജ്യത്തിന്റെ മുഖ്യ ശത്രുവെന്ന അടിസ്ഥാന നിലപാടില്‍ ഊന്നിയാണ് പോപുലര്‍ ഫ്രണ്ടിന്റെ സന്ദേശ പ്രയാണങ്ങള്‍. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദലിതുകളുടെയും രാഷ്ട്രീയ ശാക്തീകരണമാണ് വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ മുഖ്യ പ്രതിരോധമെന്നാണ് പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കുന്നത്.കേരളത്തില്‍ നിന്നുള്ള ഇ അബൂബക്കറാണ് സംഘടനയുടെ ആദ്യ ചെയര്‍മാന്‍. തമിഴ്‌നാടിലെ മുഹമ്മദലി ജിന്ന പ്രഥമ ജനറല്‍ സെക്രട്ടറി. കേരളത്തില്‍ നിന്ന് ഇ എം അബ്ദുറഹിമാനും സംഘടനയുടെ ചെയര്‍മാന്‍പദം അലങ്കരിച്ചു. അടുത്തിടെ ഇ അബൂബക്കര്‍ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഒഎംഎ സലാം വൈസ് ചെയര്‍മാനാണ്.
Next Story

RELATED STORIES

Share it