malappuram local

പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭരണമാറ്റം വൈകാന്‍ സാധ്യത

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് 7ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് സുലൈമാന്‍ ഹാജി വിജയിച്ചെങ്കിലും ഭരണമാറ്റം വൈകാന്‍ സാധ്യത. 17 അംഗ ഭരണസമിതിയില്‍ ഒന്‍പത് അംഗങ്ങളുടെ പിന്തുണയുള്ള യുഡിഎഫാണ് ഇപ്പോള്‍ മുന്നില്‍. നാലുമാസം മുമ്പ് നടന്ന ഞെട്ടിക്കുളം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തതോടെ സിപിഎമ്മിലെ സി സുഭാഷ് ഫെബ്രുവരി 15ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സുഭാഷ് സ്വമേധയാ രാജിവച്ചില്ലെങ്കില്‍ അടുത്ത ആഗസ്ത് 15 വരെ സിപിഎമ്മിന് ഭരണത്തില്‍ തുടരാനാവും. പ്രസിഡന്റായി ചുമതലയേറ്റാല്‍ അടുത്ത ആറുമാസത്തിനു ശേഷം മാത്രമേ അവിശ്വാസം കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്ന പഞ്ചായത്ത് രാജ് ആക്ടാണ് ഇതിന് കാരണം. നിലവിലെ പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ ഭരണമാറ്റത്തിനായി യുഡിഎഫിന് അടുത്ത ആഗസ്ത് 15 വരെ കാത്തിരിക്കേണ്ടിവരും. അതിന് മുമ്പ് നിലവിലെ പ്രസിഡന്റിനെ മാറ്റുക പ്രയാസമാണ്. അതേസമയം, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കവും ഉടലെടുത്തു. ഒന്‍പത് അംഗങ്ങളുള്ള യുഡിഎഫിന് ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള സാഹചര്യം നിലവില്‍ വന്നതോെടയാണ് പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി തര്‍ക്കം ഉടലെടുത്തത്. വിജയിച്ച സുലൈമാന്‍ ഹാജിയുമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി ആര്‍ പ്രകാശാണ് സുലൈമാന്‍ ഹാജി തന്നെ പ്രസിഡന്റാവും എന്നറിയിച്ചത്. സുലൈമാന്‍ ഹാജിക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നും മറ്റൊരാളെയും പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കില്ലെന്നും പ്രകാശ് പറഞ്ഞു. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കരുണാകരന്‍ പിള്ള പ്രതികരിച്ചതിങ്ങനെ, പാര്‍ട്ടിയും മുന്നണിയുമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പാര്‍ട്ടി സംവിധാനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിനായി ആരെയും ഇതുവരെ ചുമതലപ്പെടുത്തിയിട്ടില്ല.
പാര്‍ട്ടി തീരുമാനത്തിന് കാക്കാതെ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും കരുണാകരന്‍ പിള്ള പറഞ്ഞു. ഞെട്ടിക്കുളം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിനെത്തുടര്‍ന്നാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട് കരുണാകരന്‍ പിള്ളയ്ക്ക് പ്രസിഡന്റ് സ്ഥാനമൊഴിയേണ്ടി വന്നത്. പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കരുണാകരന്‍ പിള്ളയ്‌ക്കെതിരേ കടുത്ത നിലപാടുകളാണ് സ്വീകരിച്ചത്. പോത്തുകല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നു കരുണാകരന്‍ പിള്ളയെ മാറ്റാന്‍ എല്ലാ അടവുകളും ഈ വിഭാഗം പയറ്റി. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റായ കരുണാകരന്‍ പിള്ളയ്‌ക്കെതിരേ കോണ്‍ഗ്രസ്സിലെ മറ്റ് അംഗങ്ങളെക്കെണ്ട് അവിശ്വാസത്തിന് നോട്ടീസ് നല്‍കുകവരെ ചെയ്തു. ഒടുവില്‍ പിള്ള ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സിപിഎം വിട്ടു കോണ്‍ഗ്രസ്സില്‍ ചേക്കേറിയ ആളാണ് നിലവിലെ മണ്ഡലം പ്രസിഡന്റ് സി ആര്‍ പ്രകാശ്. പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് യുഡിഎഫ് ക്യാംപ്് സുലൈമാന്‍ ഹാജിയെ സിപിഎമ്മില്‍ നിന്നു അടര്‍ത്തിയത്. എന്നാല്‍, പോത്തുകല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ച സാഹചര്യത്തില്‍ നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരികെ വേണമെന്ന കരുണാകരന്‍ പിള്ളയുടെ വാദം ജില്ലാ നേതൃത്വത്തിന് തള്ളാനുമാവില്ല.
Next Story

RELATED STORIES

Share it