Flash News

പോത്തന്‍കോട് അനിലാഷ് വധം : സഹോദരങ്ങള്‍ അടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം



തിരുവനന്തപുരം: പോത്തന്‍കോട് അനിലാഷ് വധക്കേസില്‍ സഹോദരങ്ങള്‍ അടക്കം ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 20,000 രൂപ വീതം പിഴയും. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീ. സെഷന്‍സ് ജഡ്ജി എന്‍ വി രാജുവാണ് ശിക്ഷ വിധിച്ചത്. അണ്ടൂര്‍ക്കോണം വില്ലേജില്‍ ചുവിള വീട്ടില്‍ രാജേഷ് എന്ന് വിളിക്കുന്ന രാകേഷ് (26), തിരുവെള്ളൂര്‍ വാര്‍ഡില്‍ പുതുവല്‍പുത്തന്‍വീട്ടില്‍ പിക്കപ്പ് അനി എന്ന ദിലീപ് (30), പിക്കപ്പ് ഷിബു എന്ന ഷിബു (32), ഷാനി എന്ന വിപിന്‍ (28), കീഴാറൂര്‍ തെറ്റിച്ചിറ ചരുവിള വീട്ടില്‍ രാജീവ്, അണ്ടൂര്‍ക്കോണം കല്ലുവിള വീട്ടില്‍ ആന്റണി (42), ചരുവിള വീട്ടില്‍ സജീവ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കേസില്‍ ആകെ എട്ടു പ്രതികളാണ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ എട്ടാം പ്രതി ജോണിയെ വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതി പിക്കപ്പ് അനി എന്ന ദിലീപിന്റെ ഭാര്യാ സഹോദരനെ പോത്തന്‍കോട് വാവറ എന്ന സ്ഥലത്തു വച്ച് കൊല്ലപ്പെട്ട അനിലാഷും സംഘവും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. 2008 മാര്‍ച്ച് 14ന് രാത്രി ഏഴിന് അനിലാഷിനെ കാവുവിളക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ വച്ച് മാരകമായി വെട്ടിക്കൊലപ്പെടുത്തി. നാല് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 27 സാക്ഷികളെയും 9 തൊണ്ടിമുതലുകള്‍, 40 രേഖകള്‍ എന്നിവ വിചാരണ വേളയില്‍ ഹാജരാക്കി. പോത്തന്‍കോട് പോലിസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം സലാഹുദ്ദീന്‍, അഡ്വ. വിജു ഹാജരായി.
Next Story

RELATED STORIES

Share it