malappuram local

പോക്കര്‍ ഹാജിയുടെ വിയോഗം: നിലച്ചത് നാല്‍പതു വര്‍ഷം നീണ്ടുനിന്ന ബാങ്കൊലി

തൃപ്പനച്ചി: വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മരണപ്പെട്ട ചാരംകുളത്ത് പോക്കര്‍ഹാജി വിടവാങ്ങിയത് ചരിത്രത്തിലേയ്ക്ക്.
താന്‍ തന്നെ മുന്‍കൈയെടുത്ത് 1979ല്‍ നിര്‍മിച്ച പള്ളി ഒരു പ്രതിഫലവും പറ്റാതെ തുടര്‍ച്ചയായ നാല്‍പത് വര്‍ഷം പരിപാലിച്ചിരുന്നതും ബാങ്ക് വിളിച്ചിരുന്നതും ഇദ്ദേഹമാണ്. പ്രായഭേദമന്യേ എല്ലാവരുമായും സൗഹൃദം പങ്കിട്ട നിഷ്‌കളങ്കനായ ഒരു ഗ്രാമീണനായിരുന്നു പോക്കര്‍ ഹാജി. 85ാം വയസ്സിലും പ്രായം തളര്‍ത്താതെ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പള്ളിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഹാജ്യാര്‍ക്കെന്നും ആവേശമായിരുന്നു. പള്ളിയുടെ പേര്‍ മസ്ജിദുന്നൂര്‍ എന്നായിരുന്നെങ്കിലും പോക്കര്‍ ഹാജിയുടെ പള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഈയടുത്ത് പള്ളി പുനര്‍നിര്‍മാണം നടത്തി ശിലാഫലകത്തില്‍ സ്വര്‍ണനിറത്തില്‍ ഏവര്‍ക്കും കാണത്തക്ക വിധം പുതിയൊരു പേര് കൊത്തിവച്ചെങ്കിലും നാട്ടുകാര്‍ക്കിപ്പോഴുമിത് പോക്കര്‍ഹാജിയുടെ പള്ളിതന്നെ. അത്രമാത്രം ഈ പള്ളിയുമായി അദ്ദേഹം ഇഴുകി ചേര്‍ന്നിരുന്നു. അതുപോലെ തന്നെയായിരുന്നു അന്ത്യവും.
പള്ളിയില്‍ നിന്ന് നോമ്പ് തുറന്നു വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു മരണം വന്നു വിളിച്ചത്. ഏറെക്കാലം പ്രസിദ്ധമായ മുത്തനൂര്‍ ജുമാമസ്ജിദിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം മരണസമയത്ത് തൃപ്പനച്ചി ടൗണ്‍ മസ്ജിദിന്റെ പ്രസിഡന്റായിരുന്നു
Next Story

RELATED STORIES

Share it