kozhikode local

പൊള്ളുന്ന ചൂട്; മലയോര മേഖലയില്‍ കൃഷിനാശവും

താമരശ്ശേരി: തീ പാറുന്ന കൊടും ചൂടില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. മലയോര മേഖലയില്‍ മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള കൃഷി നാശമാണ് ഇക്കുറി കടുത്ത ചൂട് മൂലം ഉണ്ടാവുന്നത്.
പുതുപ്പാടി, കട്ടിപ്പാറ, ഉണ്ണികുളം, കോടഞ്ചേരി,വയലട, കക്കയം, തിരുവമ്പാടി, കൂടരഞ്ഞി പ്രദേശങ്ങളിലാണ് കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നത്. ജലസേചന സൗകര്യമുള്ള കൃഷിത്തോട്ടങ്ങള്‍ വരെ ഇക്കുറി വെന്തു പോയ അവസ്ഥയിലാണ്. കുപ്പായക്കോട് തോമസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറിലെ വാഴത്തോട്ടം പൂര്‍ണമായും കുലയടക്കം ഉണങ്ങിയ നിലയിലാണ്. ഇവ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായി മാറിപ്പോവുന്നതായി തോമസ് വ്യക്തമാക്കുന്നു.
സമീപ പ്രദേശത്തെ റോയി കല്ലിങ്കലിന്റെ കുരുമുളക് തോട്ടവും ഭാഗികമായി നശിച്ച നിലയിലാണ്. പള്ളിപ്പുറം വയലിലെ കമുകിന്‍ തോട്ടം, മുപ്പതേക്രയില്‍ കാദറിന്റെ റബര്‍, കൊക്കോ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷി കരിഞ്ഞുണങ്ങുന്ന ദയനീയ സ്ഥിതി നോക്കി നില്‍ക്കാനെ കഴിയുന്നുള്ളു. കുടിവെള്ളത്തിനു പോലും നെട്ടോട്ടമോടേണ്ട അവസ്ഥയില്‍ ഈ കൃഷിത്തോട്ടങ്ങള്‍ക്ക് എങ്ങിനെ വെള്ളമെത്തിക്കാന്‍ കഴിയുമെന്ന ചിന്തയിലാണ് പല കര്‍ഷകരും. കാര്‍ഷിക വിളകള്‍ക്ക പുറമെ കന്നുകാലി വളര്‍ത്തുന്ന കര്‍ഷകരും ദുരിതത്തിലായി. കാലികള്‍ക്ക് ഭക്ഷണമായി പച്ചപ്പുല്‍ തീരെ കിട്ടായതായതോടെ ക്ഷീര മേഖലയും തളര്‍ച്ച നേരിടുന്നു.
പല കുടുംബങ്ങളുടെയും ജീവിതോപാധിയായിരുന്ന ക്ഷീര മേഖല തളര്‍ന്നു കഴിഞ്ഞു. ക്ഷീര കര്‍ഷക സൊസൈറ്റികളില്‍ പാല്‍ ലഭ്യത കുറഞ്ഞതോടെ അന്യ സംസ്ഥാനത്തെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതായി മില്‍മ അധികൃതര്‍ സമ്മതിക്കുന്നു.
ചൂടിന്റെ കാഠിന്യത്താല്‍ പശുക്കളും തളര്‍ന്നു വീഴുന്നു. കന്നുകാലികള്‍ക്കും ആവശ്യത്തിനു കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടിയ ചൂടാണ് അനുഭപ്പെട്ടു തുടങ്ങിയത്.
മലയോര മേഖലയിലെ പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it