palakkad local

പൊല്‍പ്പുള്ളി, വെള്ളിനേഴി ഗ്രാമപ്പഞ്ചായത്തുകളെ മാതൃകാ ബിഎംസി പദ്ധതിക്കായി തിരഞ്ഞെടുത്തു

പാലക്കാട്: ഗ്രാമീണതയെ സംരക്ഷിച്ച് വരും തലമുറയ്ക്കു കൈമാറുകയെന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയ പൊല്‍പ്പുള്ളി, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളെ മാതൃകാ ജൈവവൈവിധ്യ പരിപാലന സമിതി (ബിഎംസി ) പദ്ധതിക്കായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 40 മാതൃകാ ബിഎംസികളില്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളാണിവ. ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിക ഘടനയ്ക്കനുസരിച്ച് കര്‍മപദ്ധതി തയ്യാറാക്കിയാണ് പ്രവര്‍ത്തിക്കുക. ബിഎംസികള്‍ പഞ്ചായത്ത് തലത്തില്‍ പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കണം.
നാല് ലക്ഷം രൂപയാണു സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പദ്ധതി നടത്തിപ്പിനായി ഓരോ പഞ്ചായത്തിനും അനുവദിക്കുക. പ്രാദേശിക ജൈവ സമ്പത്ത് അതാത് പ്രദേശങ്ങളിലെ അന്യംനിന്നു പോവുന്ന പക്ഷി-മൃഗാദികള്‍, സസ്യങ്ങള്‍, അപൂര്‍വ വിത്തിനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ജൈവവൈവിധ്യരജിസ്റ്റര്‍. പഞ്ചായത്ത് തലത്തിലാണ് വിവരങ്ങള്‍ തയ്യാറാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വെള്ളിനേഴി, പൊല്‍പ്പുള്ളി പഞ്ചായത്തുകളില്‍ കരിമ്പനക്കൂട്ടങ്ങള്‍, ശലഭ ഉദ്യാനം, ജൈവവൈവിധ്യതോട്ടങ്ങള്‍, ഔഷധ തോട്ടങ്ങള്‍ എന്നിവ നിര്‍മിച്ച് കാവുകള്‍  സംരക്ഷിക്കും. തനത് കന്നുകാലികള്‍, ഫലവൃക്ഷങ്ങള്‍, ആവാസവ്യവസ്ഥകളുടെ സംരക്ഷണം എന്നിവ ഇതിന് ഭാഗമായി നടത്തും. കൂടാതെ കൊറ്റില്ലങ്ങളുടെ സംരക്ഷണം, തണ്ണീര്‍ത്തട പദ്ധതികള്‍, തനത് ഉള്‍നാടന്‍ മത്സ്യ സംരക്ഷണം, അധിനിവേശ സസ്യ ജന്തുജാലങ്ങളുടെ നിര്‍മാര്‍ജ്ജനം, ഉപേക്ഷിക്കപ്പെട്ട പാറമടകളുടെ പാരിസ്ഥിതിക പുനരുദ്ധരാണം, കാവുവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ജൈവവൈവിധ്യ പരിപാലനത്തിനായി നടപ്പാക്കും.
പരിസ്ഥിതിയേയും ജൈവ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുക, ജൈവവിഭവങ്ങളുടെ അമിതചൂഷണം തടയുക, പരിസ്ഥിതിക്കനുയോജ്യമായ ജൈവവൈവിധ്യസംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിവയാണ് ജൈവവൈവിധ്യ പരിപാലന സമിതികളുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it