Kottayam Local

പൊന്‍കുന്നത്ത് പുതിയ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് വരുന്നു

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് വക പൊന്‍കുന്നത്തെ പഴയ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കാന്‍ രൂപരേഖയായി. ആദ്യഘട്ടമായി അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 2.59 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളുള്ള ആധുനിക സമുച്ചയമാണ് നിര്‍മിക്കുന്നതെന്ന് ഭരണ സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉടന്‍ ഉദ്ഘാടനം നടക്കുന്ന മിനിസിവില്‍ സ്‌റ്റേഷനു പുറമേ പഞ്ചായത്തിന്റെ പുതിയ ഷോപ്പിങ് കോംപ്ലക്‌സ് കൂടി ഉയരുന്നതോടെ പൊന്‍കുന്നം പട്ടണത്തിന്റെ  മുഖച്ഛായ തന്നെ മാറും. നിലവില്‍ ഇവിടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നു മുമ്പ് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഐസിഡിപി സെന്റര്‍, സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി എന്നിവയും മാറ്റി സ്ഥാപിക്കുന്ന കൂട്ടത്തിലുണ്ട്. 52 മുറികളും മൂന്ന് നിലകളിലും ഹാളുകളും വിശാലമായ പാര്‍ക്കിങ് ഏരിയയും പുതിയ സമുച്ചയത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അടിനില 748.8 ചമീ, ഒന്നാം നില 777.56 ച.മീ, രണ്ടാം നില 863.35 ച.മീ എന്നി വിസ്തീര്‍ണത്തിലാണ് നിര്‍മാണം.ശ്രദ്ധേയമായ മറ്റു പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്നും ഭരണ സമിതിയംഗങ്ങള്‍ പറഞ്ഞു. ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക സ്്മശാനം, വാഴൂര്‍ വലിയതോട്ടില്‍ 1.10 കോടിയുടെ ചെക്ക്ഡാം എന്നിവയും നടപ്പാക്കും. ആനുവേലി തമ്പലക്കാട് റോഡില്‍ കോയിപ്പള്ളി കവലയില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് പാലം നിര്‍മിക്കും. രാജേന്ദ്ര മൈതാനത്ത് സ്വാതന്ത്ര്യ സമര സ്മാരകം നിര്‍മിക്കാന്‍ നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തി.ഇതിനു പുറമേ ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി 2017-18 വര്‍ഷത്തില്‍ 15.83 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തീകരിക്കും.പശ്ചാത്തല മേഖലയില്‍ മാത്രം 5.11 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇവ ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് കരാറുകാരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. ജയശ്രീധര്‍, വൈസ് പ്രസിഡന്റ് ടി എന്‍ ഗിരീഷ്‌കുമാര്‍, പഞ്ചായത്തംഗങ്ങളായ ബി രവീന്ദ്രന്‍ നായര്‍, പി പ്രജിത്, ജയശ്രീ മുരളീധരന്‍, ബിന്ദു സന്തോഷ്, മോളിക്കുട്ടി തോമസ്, മോഹന്‍ പൂഴിക്കുന്നേല്‍, മോഹന്‍ റാം, സെക്രട്ടറി ഇന്‍ ചാര്‍ജ് പി എച്ച് ഷാജഹാന്‍, സൂപ്രണ്ട് എസ് ചിത്ര എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it