kannur local

പൊന്‍കതിര്‍ മെഗാ എക്‌സിബിഷന്‍ ഇന്നു സമാപിക്കും

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് കലക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച പൊന്‍കതിര്‍ മെഗാ എക്‌സിബിഷന്‍ ഇന്നു സമാപിക്കും. വിവിധ വകുപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ഉല്‍പന്നങ്ങളും ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 18ന് ആരംഭിച്ച മേള സന്ദര്‍ശകപ്രവാഹത്താല്‍ ശ്രദ്ധേയമായിരുന്നു.
ഉദ്ഘാടനദിനം തന്നെ ആയിരക്കണക്കിനാളുകള്‍ പ്രദര്‍ശനം വീക്ഷിക്കുകയുണ്ടായി. എഴുപതോളം സര്‍ക്കാര്‍ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായി ഒരുക്കിയ 180ഓളം സ്റ്റാളുകളിലേറെയും നറുക്കെടുപ്പുകള്‍, സ്‌പോട്ട് ക്വിസ് മല്‍സരങ്ങള്‍ തുടങ്ങിയവ കൊണ്ട് സജീവമായിരുന്നു.
മികച്ച സ്റ്റാളുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പോലിസ് വകുപ്പും ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി വകുപ്പും അര്‍ഹമായി. കണ്ണൂര്‍ ഗവ. ഐടിഐ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റാളുകള്‍ക്കാണ് രണ്ടാം സ്ഥാനം.
സര്‍ക്കാരിതര വകുപ്പുകളില്‍ കുടുംബശ്രീ, റെയ്ഡ്‌കോ, കരകൗശല വികസന കോര്‍പറേഷന്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌കാരങ്ങളും ഇന്നു വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ആറിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും, ഏഴിന് തൃശൂര്‍ നാടകസംഘത്തിന്റെ നാടകവും അരങ്ങേറും.
രണ്ടാം വാര്‍ഷികാഘോഷ ഉദ്ഘാടനം നടന്ന ഹരിതവേദിയെ അലങ്കരിച്ച ആറായിരത്തോളം ചെടികള്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 25 സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങും ഇന്ന് നടക്കും.
Next Story

RELATED STORIES

Share it