malappuram local

പൊന്നാനി നഗരസഭാ ഡയാലിസ് സെന്റര്‍ : മൂന്നാമത് ഷിഫ്റ്റ് ആരംഭിക്കാന്‍ തീരുമാനം



പൊന്നാനി: നിരാലംബരായ വൃക്ക രോഗികള്‍ക്ക് സാന്ത്വനമായി മാറിയ പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ മൂന്നാം ഷിഫ്റ്റ് കൂടി ആരംഭിച്ച് റിസര്‍ച്ച് സെന്ററായി വിപുലീകരിക്കുവാന്‍ തീരുമാനം. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ വിളിച്ച് ചേര്‍ത്ത ഡയാലിസിസ് മാനേജിംങ് കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്.മൂന്നാമത് ഷിഫ്റ്റ് ആരംഭിക്കുന്നതിന് പൊന്നാനി നഗരസഭയില്‍ നിന്ന് 1000 കുടുംബങ്ങളെ കണ്ടെത്തി അവരില്‍ നിന്ന് മാസം തോറും സംഭാവന സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. അതിന്റെ ആദ്യഘട്ടമായി ഡയാലിസിസ് മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ ഒരു നിശ്ചിത തുക സമാഹരിച്ച് കമ്മിറ്റിക്ക് നല്‍കും.  കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത്  മാസം തോറും ധനസമാഹരണം നടത്തേണ്ട വീടുകളുടെ ലിസ്റ്റ് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. പൊന്നാനി നഗരസഭയിലെ സുമനുസ്സുകളുടെ സഹായത്തോടെ 2014 ലാണ്  ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  ഒരു രോഗിയുമായി തുടങ്ങിയ സെന്റര്‍ 9 ഉപകരണങ്ങളുടെ സഹായത്തോടെ 16 വൃക്ക രോഗികള്‍ക്കാണ്  സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍  രണ്ടാമത് ഷിഫ്‌ററ് ആരംഭിച്ചു.  നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഡയാലിസിസ് നടത്താന്‍  വേണ്ടിയാണ് മൂന്നാമത് ഷിഫ്റ്റ് കൂടി ആരംഭിക്കുന്നത്.  ഡയാലിസിസ് സെന്ററില്‍ മുഴുവന്‍ സമയ നെഫ്രോളജിസ്റ്റിന്റെ സേവനം താലൂക്ക് ആശുപത്രി മുഖേനെ സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സെന്ററിനു ലഭിച്ച രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെ കൂടാതെ കൂടുതല്‍ പേര്‍ക്കായി ഇടപെടലല്‍ നടത്തും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.  ഡയാലിസിസ് മാനേജിംങ് കമ്മിറ്റി യോഗത്തില്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്മാരായ ഒ ഒ ഷംസു, അഷ്‌റഫ് പറമ്പില്‍, കൗണ്‍സിലര്‍മാരായ ഹസീറ, ബാബുരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷാജ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it