പൊന്നാനിയില്‍ കടലാക്രമണം തുടരുന്നു

പൊന്നാനി: രൂക്ഷമായ കടലാക്രമണം തുടരുന്ന പൊന്നാനിയില്‍ കാപ്പിരിക്കാട് വരെയുള്ള 10 കിലോമീറ്റര്‍ പരിധിയിലെ 200 ഓളം കുടുംബങ്ങളുടെ ജീവിതം ദുസ്സഹമായി. ഒരാഴ്ചയ്ക്കിടയിലെ കടലാക്രമണത്തില്‍ 12 വീടുകള്‍ പൂര്‍ണമായും 200 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നത്.
ഇതില്‍ 100ഓളം വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. തീരദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം വേണമെന്ന് പൊന്നാനി പൗരസമൂഹസഭ ആവശ്യപ്പെട്ടു. പൊന്നാനിക്ക് തെക്കും വടക്കുമുള്ള താനൂര്‍, ചാലിയം, ചാവക്കാട്, ചേറ്റുവ കടലോരങ്ങളെ പഠനവിധേയമാക്കുമ്പോള്‍ ഇവിടങ്ങളിലൊന്നുംതന്നെ പൊന്നാനിയില്‍ സംഭവിക്കുന്ന കടലാക്രമണത്തിന്റെ നാലിലൊന്ന് രൂക്ഷതയില്ല. കരയിലേക്ക് തള്ളിനില്‍ക്കുന്ന സമുദ്രനാഭിയുള്ള കടല്‍ഘടനയാണ് പൊന്നാനിക്കുള്ളത്.
സവിശേഷമായ ഈ സമുദ്രഘടനയും രണ്ട് പതിറ്റാണ്ട് കാലമായി കടല്‍ത്തീരത്ത് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുംമൂലം ഈ പ്രദേശത്ത് സംഭവിക്കുന്ന അമിത സമുദ്ര മര്‍ദമാണ് കടലാക്രമണത്തിന് കാരണം. 2000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖം വരുന്നതോടെ പൊന്നാനിയിലും പാലപ്പെട്ടിയിലും വെളിയങ്കോടും ഇനിയും കടല്‍ക്ഷോഭം വര്‍ധിക്കും. ഇപ്പോള്‍ തന്നെ തുറമുഖത്തിനായി നിര്‍മിച്ച പുലിമുട്ട് മറ്റു ഭാഗങ്ങളില്‍ കടലാക്രമണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇക്കാര്യം കൂടുതല്‍ വിശദമായി പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും രാജ്യാന്തരനിലവാരമുള്ള സമുദ്ര എന്‍ജിനീയറിങ് ശാസ്ത്രസംഘത്തെ നിയോഗിക്കുകയും ശാസ്ത്രീയമായി കടല്‍ഭിത്തി പണിയണം, ട്രോളിങ് നിരോധനകാലത്ത് കടലിന്റെ മക്കള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് നഗരസഭ കലവറ സ്ഥാപിക്കുകയും എല്ലാവര്‍ഷവും കടലാക്രമണകാലത്ത് രക്ഷ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ കര്‍മസേന രൂപീകരിക്കണം, കടലോര വികസന അതോറിറ്റി രൂപീകരിക്കണമെന്നും പൊന്നാനിയിലെ പൗരസമൂഹസഭ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it