malappuram local

പൊന്നാനിയിലുണ്ടൊരു ഭീമന്‍പേന

പൊന്നാനി: വിജ്ഞാനത്തിന്റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയില്‍നിന്നുള്ള ഭീമന്‍ പേന ലോകത്തെ വിസ്മയിപ്പിക്കുകയാണ്. എഴുത്തും വിജ്ഞാനവും തുളുമ്പി നിന്ന മലബാറിന്റെ മക്കയായ പൊന്നാനിയില്‍ ലോകത്തിലെ ഏറ്റവും വലിയ പേന ഒരുങ്ങിക്കഴിഞ്ഞു. വെറുമൊരു വിസ്മയം എന്നതിനപ്പുറത്ത് എഴുത്തിന്റെയും വിജ്ഞാനത്തിന്റെയും വാതായനങ്ങള്‍ തുറക്കുന്നതാണീ പേന. 6.5 മീറ്റര്‍ നീളവും 75 ഇഞ്ച് വ്യവസവുമുള്ള പേനയ്ക്ക് 230 കിലോ ഭാരമാണുള്ളത്.
പേനയുടെ നിര്‍മാണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന നിള പൈതൃക മ്യൂസിയത്തിനു വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ പേന ഒരുക്കുന്നത്. മഷി നിറക്കാനും എഴുതാനും കഴിയുന്ന തരത്തിലാണ് പേനയുടെ നിര്‍മിതി. ലോകത്തെ സ്വാധീനിച്ച 20 പേരുടെ പ്രസംഗങ്ങള്‍ പേനയുടെ പുറത്ത്‌സജ്ജമാക്കിയിട്ടുണ്ടെന്നതാണ് പ്രത്യേകത. ചെറിയ ഇനം 20 ടാബുകളിലായാണ് പ്രസംഗങ്ങളുടെ വീഡിയോ ക്രമീകരിച്ചിരിക്കുന്നത്. ഹിറ്റ്‌ലര്‍, മഹാത്മാഗാന്ധി, കല്‍പ്പനാ ചൗള, ജവഹര്‍ലാല്‍ നെഹ്‌റു, നോം ചോംസ്‌കി, ചെഗുവേര തുടങ്ങിയവരുടെതടക്കം പ്രസംഗമാണ് പേനയില്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം രൂപയാണ് പേനയുടെ നിര്‍മാണച്ചെലവ്. നിളയുടെ മാപ്പും പൊന്നാനിയുടെ സാഹിത്യകളരിയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ടാണ് വരപ്പിക്കുക. ഇന്നലെ മുതല്‍ പൊന്നാനിയില്‍ തുടങ്ങിയ സാംസ്‌കാരിക ഉല്‍സവത്തില്‍ ഈ ഭീമന്‍ പേന പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ഭീമന്‍ പേന കാണാനെത്തുന്നത്.
Next Story

RELATED STORIES

Share it