kannur local

പൊതുസ്ഥലത്തെ രാഷ്ട്രീയ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: ജില്ലയില്‍ ഡിസംബര്‍ മാസത്തോടെ 'രാഷ്ട്രീയ കലാപ സീസണ്‍' രൂപംപ്രാപിച്ചിരിക്കെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികളുമായി പോലിസ്.
ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകളിലും റോഡിലും ഉള്‍പ്പെടെ പൊതുസ്ഥലത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പതിച്ച പരസ്യങ്ങള്‍ ഉടന്‍ നീക്കംചെയ്യാന്‍ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച കത്ത് മുഴുവന്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടി.
പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളും എഴുത്തുകളും ബന്ധപ്പെട്ടവര്‍ ഉടന്‍ നീക്കണമെന്നും അല്ലാത്തപക്ഷം റവന്യൂ വകുപ്പിന്റെ സഹായത്തോടെ നീക്കുമെന്നും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
കാലങ്ങളായി ശൈത്യകാലം തുടങ്ങുന്ന നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ജില്ലയില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പാരമ്യത്തിലെത്താറുള്ളത്. ജില്ലയില്‍ രക്തസാക്ഷി ദിനാചരണങ്ങളും അതോടനുബന്ധിച്ച സംഘര്‍ഷങ്ങളും നടക്കുന്ന സമയം കൂടിയാണിത്. ഈ വര്‍ഷവും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല.
പലയിടത്തും രാഷ്ട്രീയ അക്രമങ്ങളും പോര്‍വിളികളും അരങ്ങേറുകയാണ്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി, കതിരൂര്‍, പിണറായി, ചൊക്ലി, ധര്‍മടം, മമ്പറം ഉള്‍പ്പെടെയുള്ള മേഖലകളില്‍ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടും സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനകം ആരാധാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികള്‍, മതപണ്ഡിതന്‍മാര്‍ എന്നിവരുടെ യോഗവും വിളിച്ചുചേര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it