Alappuzha local

പൊതുവിപണിയില്‍ വിലവര്‍ധനയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍



ആലപ്പുഴ: സംസ്ഥാനത്ത് അരിയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ അരിമൊത്ത വ്യാപാരികളുടെയും  താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും സംയുക്ത യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. അരിയുടെയും മറ്റു നിത്യോയോഗ സാധനങ്ങളുടെ വിലയും സ്റ്റോക്കും നിലവാരവും അവലോകനം ചെയ്തു. പൊതുവിപണി പരിശോധനയില്‍ അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വര്‍ധന കണ്ടെത്താനായിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ 45 രൂപ വരെയുണ്ടായിരുന്ന ജയ അരിയ്ക്ക് ഇപ്പോള്‍ 37-38 രൂപ മാത്രമാണുള്ളത്.  സുരേഖ അരിയ്ക്ക് 36-38 രൂപയാണ്. ഗുണമേന്മയുള്ള വില കുറഞ്ഞ നാടന്‍ കുത്തരിക്ക് (കുട്ടനാടന്‍ അരി) 42 രൂപയാണ് വിപണിവില. കുട്ടനാടന്‍ അരി സുലഭമായി ലഭിക്കുകയാണെങ്കില്‍ കാലടിയില്‍ നിന്നും വരുന്ന റോസ് അരിയുടെ വില വര്‍ധന പ്രതിരോധിക്കാം. സാധനങ്ങള്‍ക്ക് വില ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണജനകമാണ്. വാര്‍ത്ത കണ്ട് ചെറുകിട കച്ചവടക്കാരും ജനങ്ങളും പരിഭ്രാന്തരാവുകയും സാധനങ്ങള്‍ വാങ്ങിച്ചു വയ്ക്കുകയും ചെയ്യുമ്പോള്‍ കൃത്രിമ ക്ഷാമം ഉണ്ടാവുകയും വിലവര്‍ധനവിന് കാരണമാവുകയും ചെയ്യുന്നു. 90-100 രൂപയ്ക്ക് വില്‍ക്കുന്ന ചെറിയ ഉള്ളിയുടെ വില 135 എന്നാണ് മാധ്യമങ്ങളില്‍ വന്നത്. ഇതുമൂലം ചെറുകിട വില്പനക്കാര്‍ വില കൂട്ടി വില്‍ക്കുന്നതിനുള്ള പ്രവണത ഉണ്ടാകും. സാധനങ്ങളുടെ റീട്ടെയില്‍ വില വിവരം താഴെ കൊടുക്കുന്നു.ആന്ധ്രാ ജയ- 36-38, സുരേഖ-38, മുളക്- 55-60, മല്ലി-75-80, പയര്‍-70-75, പരിപ്പ്-45-50, കടല- 70-72, ഉഴുന്ന്-75-78, തുവര-70-72, സവോള-15-17, ഉരളക്കിഴങ്ങ്-20-24.വ്യാപാരികള്‍ സ്റ്റോക്കു വിലയും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേക സ്‌ക്വാഡു രൂപീകരിച്ച് പൊതു വിപണിയിലെ പരിശോധന ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഐ ഹുസൈന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ന്മാര്‍, താലൂക്കുകളില്‍ നിന്നുള്ള അരി മൊത്ത വ്യാപാര പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it