thrissur local

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; കടവല്ലൂര്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

പെരുമ്പിലാവ്: പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.37 കോടി രൂപയുടെ ടെന്റര്‍ നടപടി പൂര്‍ത്തിയായി. ഈറോഡ് ആസ്ഥാനമായ ആര്‍പിപി ഇഫ്രാ പ്രോഡക്ട് ലിമിറ്റഡിനാണ് കരാര്‍.
ആധുനിക സൗകര്യങ്ങളോടെയുള്ള 28000 ചതുരശ്ര അടി കെട്ടിടമാണ് പുതുതായി നിര്‍മിക്കുക. നിലവിലെ കെട്ടിടങ്ങളുടെ മുകളില്‍ പുതിയ നില പണിയുന്നതിനോടൊപ്പം മൂന്ന് നിലകളുള്ള പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ആകര്‍ഷകമായ ചുറ്റുമതിലും ഉള്‍പ്പെടുന്നതാണ് മാസ്റ്റര്‍ പ്ലാന്‍. വിദ്യഭ്യാസ രംഗത്ത് കുന്നംകുളം നിയോജക മണ്ഡലം പുതുചരിത്രമെഴുതുവാന്‍ തയ്യാറെടുക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക് മേഖലയിലും സമ്പൂര്‍ണ്ണ മികവാണ് ലക്ഷ്യമിടുന്നത്. എല്ലാ പൊതു വിദ്യാലയങ്ങളും നവീകരിക്കുവാനും മാറ്റത്തിനനുസരിച്ച് ക്ലാസ് മുറികളെ സ്മാര്‍ട്ടാക്കുന്നതിനൊപ്പം ഭാഷാ പരിജ്ഞാനവും ഗണിത ശാസ്ത്രവുമെല്ലാം ആഴത്തില്‍ പഠിപ്പിക്കുവാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
1000ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട പഴഞ്ഞി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 4.10 കോടി രൂപയുടേയും എരുമപ്പെട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3.38 കോടി രൂപയുടേയും ടെന്റര്‍ നടപടികളും ഇതോടൊപ്പം പൂര്‍ത്തിയായതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കെഐടിഇ)നാണ് പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ട ചുമതല. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ക്ലാസ് റൂം ബ്ലോക്ക് നിര്‍മാണം, സ്‌റ്റേഡിയം നിര്‍മാണം, ലാബ് നവീകരണം തുടങ്ങിയവയ്ക്കായുള്ള 40 കോടിയില്‍പം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചി വരുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it